റിയാദ്: ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റർമാർ സൗദി കിരീടാവകാശി അമീർ മുഹമ്മദ് സൽമാനുമായി ചർച്ച നടത്തി. ഔദ്യോഗിക സന്ദർശനത്തിനായി സൗദിയിൽ എത്തിയതായിരുന്നു അദ്ദേഹം. റിയാദിലെത്തിയ പ്രധാനമന്ത്രിക്ക് യമാമ കൊട്ടാരത്തിൽ ഊഷ്മളമായ സ്വീകരണമാണ് കിരീടാവകാശി നൽകിയത്. ഇരുവരും തമ്മിൽ നടന്ന ഔദ്യോഗിക കൂടിക്കാഴ്‌ച ദീർഘനേരം നീണ്ടുനിന്നു.
സൗദിയും ബ്രിട്ടനും തമ്മിലുള്ള ഉഭയ കക്ഷി ബന്ധങ്ങളും വിവിധ മേഖലകളിലെ സഹകരണങ്ങളും മെച്ചപ്പെടുത്തുന്നതുൾപ്പടെയുള്ള വിഷയങ്ങൾ സംയുക്ത യോഗത്തിൽ ചർച്ച ചെയ്‌തു. പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങൾ, പൊതു താൽപര്യവിഷയങ്ങൾ, ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാര വിഷയങ്ങൾ, നിക്ഷേപ സാധ്യതകൾ തുടങ്ങിയ വിഷയങ്ങളും ചർച്ചയിൽ ഉൾപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ച്ച വൈകുന്നേരമാണ് പ്രധാനമന്ത്രി റിയാദിലെത്തിയത്.