ജിദ്ദ: അടുത്ത വർഷത്തെ ഹജ്ജിന് മുന്നോടിയായി നടക്കുന്ന സമ്മേളനവും പ്രദർശനവും ജനുവരി 13ന് തുടങ്ങും. ജിദ്ദ സൂപ്പർ ടോമിൻ നടക്കുന്ന പരിപാടി ജനുവരി 16ന് സമാപിക്കും. സൗദി ഭരണാധികാരിയും തിരു ഹറമുകളുടെ സേവകനുമായ സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിലാണ് സമ്മേളനം നടക്കുക. സൗദി ഹജ്ജ് ഉംറ മന്ത്രാലയം, വിവിധ വകുപ്പ് മന്ത്രിമാർ, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, നയതന്ത്ര വിദഗ്ധർ, നയതന്ത്രജ്ഞർ, 87 രാജ്യങ്ങളിൽ നിന്നുമുള്ള സ്വകാര്യ, പൊതു സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
തീർഥാടകർക്ക് ഗുണനിലവാരമുള്ള സേവനങ്ങൾ നൽകുക, അനുഭവങ്ങൾ കൈമാറ്റം ചെയ്യപ്പെടുക, മക്കയിലും മദീനയിലും ഉൾപ്പടെ ഹജ്ജ് സേവനങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന കമ്പനികൾക്കിടയിൽ സുതാര്യതയും മത്സരക്ഷമതയും വർധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് സമ്മേളത്തിലെ പ്രധാന അജണ്ടകൾ.
ഹജ്ജ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിലുള്ള വെല്ലുവിളികൾ പരിഹരിക്കുന്നതിനും തീർഥാടന മേഖലകളിൽ പുതിയ ചുവടുവെപ്പുകളുടെ പ്രായോഗിക വൽക്കരണം തുടങ്ങിയ വിഷയങ്ങളിലായി നൂറോളം പ്രഭാഷണങ്ങളും 47 പാനൽ ചർച്ചകളും 50 ശില്പശാലകളും സമ്മളനത്തിൽ അവതരിപ്പിക്കും . സമ്മേളനത്തോടനുബന്ധിച്ചു വിശാലമായ പ്രദർശനവും നടക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനങ്ങൾ ഹജ്ജ് മേഖകളിൽ എങ്ങിനെ പ്രയോഗികവത്കരിക്കാം എന്ന വിഷയത്തിൽ മാത്രം 280 പ്രദർശനങ്ങൾ നടക്കും. തീർഥാടകർക്ക് മെച്ചപ്പെട്ട സേവങ്ങൾ നൽകുന്നതിന് കഴിഞ്ഞ വർഷത്തിൽ 202 സഹകരണ കരാറുകൾ ഒപ്പു വെച്ചിരുന്നു. 87 രാജ്യങ്ങളിൽ നിന്നായി ഒരു ലക്ഷത്തോളം സന്ദർശകർ പ്രദർശന നഗരി സന്ദർശിച്ചിരുന്നു. സമ്മേളനത്തിലും പ്രദര്ശനത്തിലും പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് https://hajjconfex.com/ ഈ വെബ് സൈറ്റ് വഴി രെജിസ്റ്റർ ചെയ്യാവുന്നതാണ്.