ജുബൈല്‍: കോഴിക്കോട് സ്വദേശിയായ സമീര്‍ വേളാട്ടുകുഴിയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസില്‍ മലയാളി ഉള്‍പ്പെടെ അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി. തൃശൂര്‍ സ്വദേശിയുടെയും നാലു സൗദി പൗരന്‍മാരുടെയും വധശിക്ഷയാണ് കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ നടപ്പാക്കിയത്.
ഹൈവേയില്‍ കവര്‍ച്ച നടത്തുന്നതിനിടെ തൃശൂര്‍ സ്വദേശിയും മറ്റ് നാലു സൗദി പൗരന്‍മാരും ചേര്‍ന്ന് കോഴിക്കോട് സ്വദേശിയായ സമീർ വേളാട്ടുകുഴി എന്നയാളെl കൊലപ്പെടുത്തുകയായിരുന്നു
മലയാളിയായ നൈസം ചേനിക്കാപ്പുറത്ത് സീദ്ദീഖ്, സൗദി പൗരന്‍മാരായ ജാഫര്‍ ബിന്‍ സാദിഖ് ബിന്‍ ഖാമിസ് അല്‍ ഹാജി, ഹുസൈന്‍ ബിന്‍ ബാകിര്‍ ബിന്‍ ഹുസൈന്‍ അല്‍ അവാദ്, ഇദ്രിസ് ബിന്‍ ഹുസൈന്‍ ബിന്‍ അഹമ്മദ് അല്‍ സമീല്‍, ഹുസൈന്‍ ബിന്‍ അബ്ദുല്ല ബിന്‍ ഹാജി അല്‍ മുസ്ലിമി എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
എട്ടുവർഷം മുമ്പ് , ചെറിയ പെരുന്നാള്‍ ദിവസം പുലര്‍ച്ചെയാണ് വേളാട്ടുകുഴിയില്‍ അഹമ്മദ് കുട്ടി- ഖദീജ ദമ്പതികളുടെ മകനായ സമീറിന്റെ മൃതദേഹം വര്‍ക്ക്ഷോപ്പ് മേഖലയില്‍ പുതപ്പില്‍ മൂടിക്കെട്ടിയ നിലയില്‍ കണ്ടെത്തിയത്. മൂന്നു ദിവസത്തോളം പോലീസും ബന്ധുക്കളും സുഹ്യത്തുക്കളും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിലെ മുറിവുകളും സാഹചര്യ തെളിവുകളും അനുസരിച്ച് കൊലപാതകമാണെന്ന് നിരീക്ഷിച്ച പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ജുബൈല്‍ പോലീസിലെ ക്രിമിനല്‍ കേസ്മേധാവി മേജര്‍ തുര്‍ക്കി നാസ്സര്‍ അല്‍ മുതൈരി, രഹസ്യാന്വേഷണ വിഭാഗം ക്യാപ്റ്റന്‍ അബ്ദുല്‍ അസീസ്, ക്യാപ്റ്റന്‍ ഖാലിദ് അൽ ഹംദി, എന്നിവര്‍ നടത്തിയ ഊര്‍ജിതമായ അന്വേഷണമാണ് പ്രതികളെ പെട്ടന്ന് പിടിക്കാൻ അന്ന് സഹായകമായത്