പാലക്കാട്: യുവതിയെ വെട്ടിപരിക്കേൽപ്പിച്ച് ലൈംഗികാതിക്രമത്തിന് മുതിർന്ന യുവാവിനെ വിഷം അകത്തു ചെന്ന നിലയിൽ കണ്ടെത്തി. എലപ്പുള്ളി കോഴിപ്പാറ കളിയലമ്പാറ സൈമനെയാണ് വിഷം അകത്തു ചെന്ന നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയിൽ അവശനിലയിൽ കണ്ടെത്തിയ സൈമനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മജിസ്ട്രേറ്റ് ജില്ലാ ആശുപത്രിയിലെത്തി മൊഴിയെടുത്തു. യുവാവ് അപകട നില തരണം ചെയ്തതായി പോലീസ് അറിയിച്ചു.
അതിക്രമത്തിന് ശേഷം തമിഴ് നാട്ടിലേക്ക് കടന്ന യുവാവ് നാട്ടിലേക്ക് തിരിച്ചെത്തി വിഷം കഴിച്ചതെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച 12 മണിയോടെ യുവാവിന്റെ അറസ്റ്റ് കസബ പോലീസ് രേഖപ്പെടുത്തി. ബുധനാഴ്ചയാണ് എലപ്പുള്ളി കൊട്ടിയമ്പാറയിൽ യുവതി ആക്രമിക്കപ്പെട്ടത്. യുവതി പുല്ലരിയുന്നതിനിടയിലാണ് യുവാവിന്റെ ആക്രമണം. തലക്ക് സാരമായി പരിക്ക് പറ്റിയ യുവതി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.