പട്ന: മന്ത്രവാദത്തിൻറെ പേരിൽ കൊടും ക്രൂരത. ബീഹാറിൽ ഒരു കുടുംബത്തിലെ അഞ്ചു പേരെ ജീവനോടെ ചുട്ടു കൊന്നു. ബീഹാറിലെ പൂർണിയയിലാണ് സംഭവം. കുടുംബം മന്ത്രവാദം നടത്തിയെന്ന ആരോപണത്തിന്റ പേരിലായിരുന്നു ക്രൂരത. സംഭവമുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ബാബുലാൽ, ഭാര്യ സീതാദേവി, അമ്മ കറ്റോ മസോമത്ത്, മകൻ മംജിത്ത്, മരുമകൾ റാണി ദേവി എന്നിവരാണ് കൊല്ലപ്പെട്ടത്. മന്ത്രവാദ ക്രിയകൾ നടത്തി എന്നാരോപിച്ചായിരുന്നു 250 ഓളം വരുന്ന ആൾകൂട്ടം ക്രൂരമായി മർദിക്കുകയും പെട്രോളൊഴിച്ച് ജീവനോടെ ചുട്ടുകൊന്നത്.
സംഭവത്തിന് പിന്നാലെ പോലീസ് സൂപ്രണ്ട് ഉൾപ്പടെ വൻ സുരക്ഷാ സന്നാഹം സ്ഥലത്ത് എത്തിയിട്ടുണ്ട്. കുടുംബത്തിന് നേരെ നടന്ന ആൾക്കൂട്ട ആക്രമണത്തിൽ നിന്നും രക്ഷപെട്ട പതിനാറുകാരൻ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. ഇതോടെയാണ് നാടിനെ നടുക്കിയ സംഭവം പുറം ലോകം അറിയുന്നത്. ആൾകൂട്ടം ജീവനോടെ കുടുംബത്തെ കത്തിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്.
പുലർച്ചെ മൂന്ന് മണിയോടെ എത്തിയ ആൾകൂട്ടം ബാബുലാലിന്റെ വീട്ടിലേക്ക് ഇരച്ചു കയറി അകത്തുണ്ടായിരുന്ന അഞ്ചു പേരെ വലിച്ചിഴച്ചു കൊണ്ടുപോയി. സമീപത്തെ കുളത്തിനടുത്തുവച്ച് ജനക്കൂട്ടം ക്രൂരമായി മർദിക്കുകയും പിന്നീട് പെട്രോൾ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. സംഭവം അറിഞ്ഞയുടൻ പോലീസ് സ്ഥലത്തി. സംഭവത്തിൽ കൂടുതൽ പ്രതികളുള്ളതായി പോലീസ് പറഞ്ഞു.



