കോഴിക്കോട്: ഫലസ്തീന് പുറമെ ലബനാൻ അതിർത്തി കടന്ന് നിരപരാധികളായ സിവിലിയന്മാരെ കൊന്നൊടുക്കുന്ന ഇസ്രായേൽ നടപടിക്ക് നീതീകരണമില്ലെമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. തിരുനബി ജീവിതം ദർശനം എന്ന പ്രമേയത്തിൽ കോഴിക്കോട് നടന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിൽ ഹുബ്ബുറസൂൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മതാന്തര സംവാദങ്ങളും നേതാക്കളുടെ ഒത്തിരിപ്പും സമാധാന ശ്രമങ്ങൾക്ക് ശക്തി പകരുമെന്നും ഇസ്രയേലിനെ അനുകൂലിക്കുന്ന സമീപനത്തിൽ നിന്നും ലോക രാഷ്ട്രങ്ങൾ വിട്ടു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക നീതിയും സ്ത്രീ സുരക്ഷയും ഉറപ്പ് നൽകുന്നതാണ് മുഹമ്മദ് നബിയുടെ ദർശനമെന്നും ധാർമിക ജീവിതത്തിലൂടെ മാത്രമേ സമാധാന ജീവിതം സാധ്യമാവൂ എന്നും കാന്തപുരം പറഞ്ഞു.
കേരളം മുസ്ലിം ജമാഅത്തും കാരന്തൂർ മാർകസും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനം ബഹ്‌റൈൻ സുപ്രീം കോടതി മുൻ അധ്യക്ഷൻ ഹമദ് ബിൻ സാമി ഫള്ൽ അൽ ദോസരി ഉത്ഘാടനം ചെയ്തു. ഐക്യ രാഷ്ട്ര സഭ സെക്രെട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ഷെയ്ഖ് അബ്ദുല്ല മഅതൂഖ് മുഖ്യാതിഥിയായിരുന്നു.
പ്രവാചക പ്രകീർത്തനത്തിൻറെ വൈവിധ്യ അനുഭവങ്ങൾ സമ്മാനിച്ച മീലാദ് സമ്മേളനം പ്രശസ്ത അറബ് ഗായക സംഘം അൽ മാലിദ് ഗ്രൂപ്പിന്റെ ഗ്രാൻഡ് മൗലീദ് കൊണ്ട് ധന്യമായി. നൂറോളം വരുന്ന ദഫ് സംഘങ്ങൾ അണിനിരന്ന ഘോഷയാത്രയോടെയാണ് സമ്മേളനം ആരംഭിച്ചത്. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർത്ഥന നടത്തി. സമസ്ത കേരള ജംഇയത്തുൽ ഉലമ പ്രസിഡണ്ട് ഇ സുലൈമാൻ മുസ്‌ലിയാർ അദ്യക്ഷത വഹിച്ചു. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മദ്ഹുറസൂൽ പ്രഭാഷണം നടത്തി.
ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളെ പ്രതിനിധീകരിച്ചു ഡോ. യൂസഫ് അബ്ദുൽ ഗഫൂർ അൽ അബ്ബാസി, നബീൽ ഹമദ് ഈസ മുഹമ്മദ് അൽ-ഔൻ, ശൈഖ് അദ്‌നാൻ അബ്ദുല്ല ഹുസ്സൈൻ അൽ ഖത്താൻ, അലി മസൂദ് അൽ കഅബി സംബന്ധിച്ചു.