ദമ്മാം: ഹൃസ്വസന്ദർശനത്തിനായി സൗദി അറേബ്യയിലെത്തിയ സിപിഐ സംസ്ഥാന സെക്രെട്ടറിയും മുൻമന്ത്രിയുമായ ബിനോയ് വിശ്വത്തിനും സിപിഐ ദേശീയ കൗൺസിൽ അംഗവും മുൻ എം.എൽ.എയുമായ സത്യൻ മൊകേരിക്കും സ്വീകരണം നൽകി. നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിലാണ് ദമ്മാം എയർപോർട്ടിൽ സ്വീകരണം നൽകിയത്.
നവയുഗം കേന്ദ്രനേതാക്കളായ എം എ വാഹിദ് കാര്യറ, ജമാൽ വില്യാപ്പള്ളി, ഷാജി മതിലകം, സാജൻ കണിയാപുരം, മഞ്ജു മണിക്കുട്ടൻ, അരുൺ ചാത്തന്നൂർ, ഷിബുകുമാർ, ഗോപകുമാർ, പദ്മനാഭൻ മണിക്കുട്ടൻ, തമ്പാൻ നടരാജൻ, ശരണ്യ ഷിബു, ഷീബ സാജൻ, ജാബിർ, സാബു എന്നിവരും നവയുഗം പ്രവർത്തകരും സ്വീകരിക്കാൻ എയർപോർട്ടിൽ എത്തിയിരുന്നു.
നവയുഗം സാംസ്ക്കാരികവേദിയുടെ കാനം രാജേന്ദ്രൻ സ്മാരകപുരസ്ക്കാരം ഏറ്റുവാങ്ങാനും, “നവയുഗസന്ധ്യ-2024” ൽ പങ്കെടുക്കാനുമായിട്ടാണ് ബിനോയ് വിശ്വം ദമ്മാമിൽ എത്തിച്ചേർന്നത്. നവയുഗസന്ധ്യ-2024 ലെ മുഖ്യാതിഥിയാണ് സത്യൻ മൊകേരി.
ദമ്മാമിലെ നവയുഗത്തിന്റെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനോടൊപ്പം, റിയാദിൽ ന്യൂഏജ് സാംസ്ക്കാരികവേദി വ്യാഴാഴ്ച വൈകുന്നേരം സംഘടിപ്പിക്കുന്ന “സർഗ്ഗസന്ധ്യ-2024” എന്ന പരിപാടിയിലും രണ്ടുപേരും പങ്കെടുക്കും.
വിവിധ സംഘടന പ്രതിനിധികളുമായും, സാമൂഹ്യപ്രവർത്തകരുമായും, മാധ്യമപ്രവർത്തകരുമായും, പ്രവാസി തൊഴിലാളികളുമായും കൂടിക്കാഴ്ച നടത്തുകയും, ദമ്മാമിലെ ഇന്ത്യൻ സ്‌കൂളുകളും, തൊഴിലാളി ക്യാമ്പുകളും സന്ദർശിയ്ക്കാനും അവർ സമയം കണ്ടെത്തും. ഞായറാഴ്ച രാവിലെ കേരളത്തിലേക്ക് തിരിച്ചു പോകുമെന്ന് സംഘടകർ അറിയിച്ചു.