മലപ്പുറം: പെരുന്നാൾ ആഘോഷിക്കാൻ മൈസൂരിലേക്ക് പോകവേ ഗുണ്ടൽപേട്ടിലെ നഞ്ചങ്കോട് വെച്ച് ട്രാവലറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരണപെട്ടു. മൈസൂർ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊണ്ടോട്ടി അരിമ്പ്ര സ്വദേശി അത്തിക്കുന്ന് മന്നിയിൽ അബ്‌ദുൽ അസീസാണ് (48) ചൊവ്വാഴ്‌ച രാത്രി മരണപ്പെട്ടത്.
അബ്‌ദുൽ അസീസിന്റെ മക്കളായ മുഹമ്മദ് ഷഹ്സാദ് (24), മുസ്കാനുല്‍ ഫിര്‍ദൗസ് (21) എന്നിവർ നേരത്തെ മരണപ്പെട്ടിരുന്നു. പരിക്കു പറ്റിയ ആറുപേർ മൈസൂരിലെ വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്. കൊണ്ടോട്ടി അരിമ്പ്രയിൽ നിന്നും പെരുന്നാൾ ആഘോഷിക്കുവാൻ കുടുംബ സമേതം മൈസൂരിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ചൊവ്വാഴ്‌ച രാവിലെ എട്ടുമണിക്കായിരുന്നു അപകടം.
വാഹനം ഓടിച്ചിരുന്ന മുഹമ്മദ് ഷഹ്സാദ് സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നു. വിദേശത്തു നിന്നും പെരുന്നാൾ ആഘോഷിക്കാൻ എത്തിയതായിരുന്നു ഷഹ്സാദ്. കർണാടക രജിഷ്ട്രേഷനിലുള്ള ട്രാവലറുമായാണ് കാർ കൂട്ടിയിടിച്ചിരുന്നത്.
അബ്‌ദുൽ അസീസിന്റെ മറ്റു മക്കളായ മുഹമ്മദ് അദ്നാന് (18), മുഹമ്മദ് ആദില്‍ (16), സഹ്ദിയ സുല്ഫ (25), സഹ്ദിയയുടെ മക്കളായ ആദം റബീഹ് (അഞ്ച്), അയ്യത്ത് (എട്ട് മാസം), അബ്ദുള്‍ അസീസിന്റെ സഹോദരന് മുഹമ്മദലിയുടെ മകന് മുഹമ്മദ് ഷാനിജ് (15) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.