28.8 C
Saudi Arabia
Monday, July 7, 2025
spot_img

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി ദളിത് യുവതി

തിരുവനന്തപുരം: മുഖ്യമന്ത്രീയുടെ ഓഫീസിന് നേരെ ഗുരുതര ആരോപണവുമായി ദളിത് യുവതി. പനവൂർ ഇരുമരം സ്വദേശിനി ബിന്ദുവാണ് പോലീസ് ക്രൂരതക്കെതിരെ പരാതിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചത്.

പോലീസ് കള്ളക്കേസിൽ കുടുക്കി പ്രതിയാക്കിയതിനെതിരെ പരാതിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയപ്പോഴാണ് അവഗണന നേരിട്ടതെന്ന് ബിന്ദു ആരോപിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പരാതി വായിച്ചുനോക്കാൻ പോലും തയ്യാറായില്ലെന്ന് യുവതി പറഞ്ഞു.

അഭിഭാഷകനോടൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിൽ പോയപ്പോഴാണ് അവഗണന നേരിട്ടതെന്നും പരാതിയുണ്ടെങ്കിൽ കോടതിയിൽ പോവാനാണ് പറഞ്ഞതെന്നും ബിന്ദു പറഞ്ഞു. മോഷണക്കുറ്റം ആരോപിച്ചു സ്റ്റേഷനിലെത്തിച്ച യുവതിയെ 20 മണിക്കൂറോളം പോലീസ് മാനസികമായി പീഡിപ്പിച്ചെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ചൊവ്വാഴ്‌ച വൈകുന്നേരം മൂന്ന് മണിക്ക് ചോദ്യം ചെയ്യാനായി പേരൂർക്കട പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ബിന്ദുവിനെ ബുധനാഴ്‌ച ഉച്ചക്ക് 12 മണിക്കാണ് വിട്ടയച്ചത്.

ജോലിക്ക് നിന്നിരുന്ന വീട്ടിൽ നിന്നും മാല മോഷണം പോയെന്ന പരാതിയിലാണ് ബിന്ദുവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയത്. നിരപരാധിയാണെന്ന് പോലീസിനോട് കരഞ്ഞു പറഞ്ഞിട്ടും വിട്ടയച്ചില്ലെന്ന് ബിന്ദു പറഞ്ഞു. രാത്രി വൈകി പനവൂരിലെ വീട്ടിലെത്തിച്ചു മാലക്കായി പോലീസ് പരിശോധനയും നടത്തി. തിരിച്ചു പേരൂർക്കട പോലീസ് സ്റ്റേഷനിലേക്കും എത്തിച്ചു. കുടിക്കാൻ വെള്ളം പോലും നൽകിയില്ലെന്നും യുവതി ആരോപിച്ചു.

നഷ്ടപ്പെട്ടെന്ന് പറഞ്ഞ മാല വീട്ടിൽ നിന്ന് തന്നെ കണ്ടെത്തിയിരുന്നു. ഉടമസ്ഥ തന്നെ മാല കിട്ടിയതായി പോലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്നാണ് ബിന്ദുവിനെ കുറ്റ വിമുക്തയാക്കാൻ പോലീസ് തയ്യാറായത്.

Related Articles

- Advertisement -spot_img

Latest Articles