നേപ്പാൾ: ലോകത്തിലെ നാലാമത്തെ ഉയരം കൂടിയ കൊടുമുടിയായ നേപ്പാളിലെ മൗണ്ട് ലോട്ട്‌സെയിൽ രണ്ട് പർവതാരോഹകർ മരണപെട്ടു. ഒരു ഇന്ത്യൻ പർവതാരോഹകനും റൊമാനിയയിൽ നിന്നുള്ള മറ്റൊരാളും മരിച്ചതായി ഹൈക്കിംഗ് ഉദ്യോഗസ്ഥർ അറിയിച്ചു. ഈ സീസണിൽ കുറഞ്ഞത് എട്ടു പേരാണ് പർവ്വതാരോഹണത്തിനിടെ മരണപ്പെട്ടത്.
27,940 അടി ഉയരമുള്ള പർവതത്തിന്റെ കൊടുമുടിയിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് ഇന്ത്യക്കാരനായ 39 കാരൻ രാകേഷ് കുമാർ മരിച്ചത്. ഞായറാഴ്ച രാകേഷ് കുമാർ മരണപെട്ടതായി അദ്ദേഹത്തിന്റെ കയറ്റം സംഘടിപ്പിച്ച നേപ്പാളി കമ്പനിയായ മകാലു അഡ്വഞ്ചറിലെ മോഹൻ ലാംസൽ അറിയിക്കുകയായിരുന്നു.
26,246 അടി ഉയരമുള്ള നാലാമത്തെ ക്യാമ്പിൽ നിന്ന് താഴേക്ക് വരുമ്പോൾ അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഷെർപ്പ ഗൈഡിന്റെ സഹായത്തോടെ അദ്ദേഹത്തെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും രാകേഷ് കുമാർ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ലോട്ട്സെ കൊടുമുടി കയറുന്നതിനിടെ അതേ ദിവസം തന്നെയാണ് റൊമാനിയയിൽ നിന്നുള്ള 48 വയസ്സുള്ള ബർണ സോൾട്ട് വാഗോ മരിച്ചത്. അദ്ദേഹത്തിൻറെ മരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
നേപ്പാളിൽ എല്ലാ വർഷവും മാർച്ച്-മെയ് മാസങ്ങളിലെ ക്ലൈംബിംഗ് സീസണിൽ നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്. ഈ ക്ലൈംബിംഗ് സീസണിൽ എവറസ്റ്റ് കൊടുമുടിയിൽ രണ്ട് പേർ ഉൾപ്പെടെ, നേപ്പാളിലെ ഹിമാലയത്തിൽ കുറഞ്ഞത് എട്ട് പേരെങ്കിലും മരിച്ചിട്ടുണ്ട്