മലപ്പുറം: നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ സമവായത്തിലേക്കെന്ന് സൂചന. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങൾ തീർന്നില്ലേ? ഇതിനും പരിഹാരമുണ്ടാവുമെന്ന് അൻവർ പ്രതികരിച്ചു. മുസ്‌ലിം ലീഗ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക യായിരുന്നു അദ്ദേഹം. പിവി അബ്‌ദുൽ വഹാബ് എംപിയുടെ വീട്ടിൽ ചേർന്ന യോഗത്തിൽ മുസ്‌ലിം ലീഗ് നേതാക്കളായ പികെ കുഞ്ഞാലികുട്ടി, പിഎംഎ സലാം എന്നിവരായിരുന്നു പങ്കെടുത്തിരുന്നതു. ഇത് രണ്ടാം തവണയാണ് മുസ്‌ലിം ലീഗ് നേതാക്കളും അൻവറും തമ്മിൽ കൂടിക്കാഴ്‌ച നടത്തുന്നത്.
വിഷയത്തിൽ ഒറ്റക്ക് അഭിപ്രായം പറയാനാകില്ല. മറ്റന്നാൾ സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് തീരുമാനങ്ങൾ അറിയിക്കും. ഞാൻ സന്തോഷവാനാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ തീർന്നല്ലോ, ഇതിനും പരിഹാരം ഉണ്ടാവും. പ്രതിപക്ഷ നേതാവ് വിഡി സതീശൻറെ പ്രതികരണം പോസിറ്റിവായാണ് കാണുന്നത്. കെപിസിസി അധ്യക്ഷനുമായും സംസാരിച്ചിരുന്നു. നമ്മളൊരു ചിന്ന പാർട്ടിയാണ് ഇപ്പോഴും ഹോപ് ഫുൾ ആണ്. മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും അൻവർ പറഞ്ഞു.
നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെതിരായ ആരോപണം വസ്‌തുതകളാണ്. യുഡിഎഫിന്റെ ഭാഗമല്ലാത്തത് കൊണ്ടാണ് നടത്തിയത്. ലീഗ് നേതാക്കളുമായിട്ട ചർച്ച തുടരുമെന്നും അൻവർ പറഞ്ഞു. യുഡിഎഫുമായി സഹകരിക്കണമോ എന്ന കാര്യം അൻവറിന് തീരുമാനിക്കാമെന്ന് പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം വന്നതിന് പിന്നലെയാണ് അൻവറിന്റെ പ്രതികരണം. അൻവർ നിലപട് അറിയിച്ച ശേഷം യുഡിഎഫ് അഭിപ്രായം പറയാമെന്നും വിഡി സതീശൻ പറഞ്ഞിരുന്നു.