31.8 C
Saudi Arabia
Monday, July 7, 2025
spot_img

ദമ്മാം ഒഐസിസി നിലമ്പൂർ “വോട്ടുറപ്പിക്കൽ”

ദമ്മാം: കിഴക്കൻ പ്രവിശ്യാ ഒ ഐ സി സിയുടെ നേതൃത്വത്തിൽ നിലമ്പൂർ വോട്ടുറപ്പിക്കൽ സംഘടിപ്പിച്ചു. ദമ്മാമിലും പരിസര പ്രദേശങ്ങളിലും ജോലി ചെയ്യുന്ന നിലമ്പൂർ മണ്ഡലത്തിലുള്ള വോട്ടർമാരെ ഫോണിലൂടെ ബന്ധപ്പെട്ടു വോട്ടുകൾ ഉറപ്പിക്കുന്ന പ്രവർത്തനത്തിൻറെ ഔദ്യോഗിക ഉദ്ഘാടനം കിഴക്കൻ പ്രവിശ്യാ ഒ ഐ സി സി പ്രസിഡൻറ് ഇകെ സലീമിൻറെ അദ്ധ്യക്ഷതയിൽ സൗദി നാഷണൽ പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനംചെയ്‌തു.

നിലമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരിക്കെ ‘ജ്യോതിര്‍ഗമയ’ പദ്ധതിയിലൂടെ എല്ലാവര്‍ക്കും നാലാം ക്ലാസ് പ്രാഥമിക വിദ്യാഭ്യാസ യോഗ്യതയുള്ള ഇന്ത്യയിലെ ആദ്യ ഗ്രാമമായി നിലമ്പൂരിനെ മാറ്റിയെടുത്ത ആര്യാടന്‍ ഷൗക്കത്ത്, അന്ന് ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ വ്യക്തിത്വമാണ്.’ജ്യോതിര്‍ഗമയ’ പദ്ധതിയിലൂടെ ദേശീയ സാക്ഷരത മിഷന്റെ ദേശീയ സാക്ഷരതാ പുരസ്‌ക്കാരവും അദ്ദേഹത്തിന് ലഭിച്ചു. അഞ്ച് വര്‍ഷം നിലമ്പൂര്‍ പഞ്ചാത്ത് പ്രസിഡന്റും തുടര്‍ന്ന് നിലമ്പൂര്‍ നഗരസഭയായി മാറിയപ്പോള്‍ പ്രഥമ നഗരസഭ ചെയര്‍മാനുമായിരുന്നു ആര്യാടന്‍ ഷൗക്കത്ത്. 10 വര്‍ഷംകൊണ്ട് സംസ്ഥാനത്തിനും രാജ്യത്തിനും മാതൃകയായ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയാണ് ശ്രദ്ധേയനായത്.

ആര്യാടന്‍ ഷൗക്കത്തിന്റെ മാതൃകാ പദ്ധതികള്‍ പരിഗണിച്ചാണ് നിലമ്പൂരിന് അന്താരാഷ്ട്ര അംഗീകാരം തേടിയെത്തിയത്. ബാലസൗഹൃദ പദ്ധതി പരിഗണിച്ച് യൂണിസെഫ് നിലമ്പൂരിനെ ബാലസൗഹൃദ നഗരമായി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ, സാമൂഹിക ക്ഷേമ പദ്ധതികള്‍ പരിഗണിച്ച് യുനെസ്‌കോ നിലമ്പൂരിന് ലേണിങ് സിറ്റി പദവി നല്‍കി ആദരിച്ചിരുന്നു. സ്ത്രീധനരഹിത ഗ്രാമം, നാല്‍പ്പത് വയസ് വരെയുള്ള എല്ലാവര്‍ക്കും പത്താം ക്ലാസ് യോഗ്യത നേടിക്കൊടുത്ത സമീക്ഷ, ആയിരം വീട്, ആദിവാസി, ദലിത് സമൂഹത്തെ മുന്‍പന്തിയിലെത്തിച്ച ഒപ്പത്തിനൊപ്പം, വിശപ്പ് രഹിത ഗ്രാമം, സ്വയംതൊഴില്‍ പരിശീലനത്തിലൂടെ ജീവിതോപാധി നല്‍കിയ വഴികാട്ടി, സര്‍ക്കാര്‍ സ്‌കൂളില്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഇംഗ്ലണ്ടില്‍ നിന്നും അധ്യാപകരെ എത്തിച്ച സദ്ഗമയ അടക്കം സംസ്ഥാനത്തിന് മാതൃകയായ പദ്ധതികളാണ് ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ നടപ്പാക്കിയത്. ആര്യാടന്‍ ഷൗക്കത്ത് പഞ്ചായത്ത് പ്രസിഡന്റായിരിക്കവെയാണ് നിലമ്പൂര്‍ താലൂക്കാശുപത്രിയില്‍ സൗജന്യ ഡയാലിസിസ് സെന്റര്‍ ആരംഭിച്ചത്. സംസ്ഥാനത്ത് താലൂക്കാശുപത്രിയിലെ ആദ്യത്തെ ഡയാലിസിസ് സെന്ററായിരുന്നു നിലമ്പൂരിലേത്. ആരോഗ്യരംഗത്തെ പ്രവര്‍ത്തനത്തിന് നിലമ്പൂരിന് സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ കേരള പുരസ്‌ക്കാരവും നേടിക്കൊടുത്തു.

തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ സിനിമാരംഗത്തും ആര്യാടന്‍ ഷൗക്കത്ത് കഴിവ് തെളിയിച്ചിട്ടുണ്ട്. പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തില്‍, വിലാപങ്ങള്‍ക്കപ്പുറം എന്നീ മൂന്ന് സിനിമകള്‍ക്ക് മികച്ച തിരക്കഥക്കും സിനിമക്കുമുള്ള സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ ആശയാദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വര്‍ത്തമാനകാലത്ത് ഫാസിസത്തെ ചെറുക്കുന്ന പ്രമേയവുമായെത്തിയ ‘വര്‍ത്തമാനം’ എന്ന സിനിമക്കും കഥയെഴുതിട്ടുണ്ട്. ഈ ഉപതിരഞ്ഞെടുപ്പ് 2026 നിയമസഭാ തിരഞ്ഞെടുപ്പിൻറെ സെമി ഫൈനലാണ്. വളരെ കഴിവും യോഗ്യതയും ഉള്ള ഒരു സ്ഥാനാർത്ഥിയെ അഭിമാനപൂർവ്വം ഉയർത്തിക്കാണിച്ച് പിണറായി വിജയൻറെ സംഘപരിവാറിനെ കൂട്ടുപിടിച്ചുള്ള അഴിമതി ഭരണത്തെ തൂത്തെറിയാൻ കഴിയും എന്ന് അദ്ദേഹം കുട്ടിച്ചേർത്തു.

മുൻ ഗ്ലോബൽ കമ്മിറ്റി ഉപാദ്ധ്യക്ഷൻ സി. അബ്ദുൽ ഹമീദ്, സൗദി നാഷണൽ കമ്മിറ്റി ഉപാദ്ധ്യക്ഷൻ റഫീഖ് കൂട്ടിലങ്ങാടി, ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റി വൈസ് പ്രസിഡൻറുമാരായ അബ്ദുൽ കരിം, ഷിജില ഹമീദ്, ജനറൽ സെക്രട്ടറി പാർവ്വതി സന്തോഷ്, നേതാക്കളായ തോമസ് തൈപറമ്പിൽ, ഹമീദ് കണിച്ചാട്ടിൽ, ഹമീദ് മരക്കാശ്ശേരി, മുരളീധരൻ, ജോജി ജോസഫ്, ഹുസ്ന ആസിഫ്, ഷാജി മോഹനൻ, സന്തോഷ് മുട്ടം, സഗീർ കരുപ്പടന്ന, സിംല സഗീർ എന്നിവർ സന്നിഹിതരായിരുന്നു.

തുടർന്നും നാട്ടിലുള്ളവരും, സൗദി ഈസ്റ്റേൺ പ്രോവിൻസിലുള്ളവരുമായ നിലമ്പൂർ നിവാസികളെ ബന്ധപ്പെട്ട് വോട്ടുറപ്പിക്കുന്നതിനായി വരും ദിവസങ്ങളിൽ കൂടുതൽ ശ്രമങ്ങൾ ഉണ്ടാകുമെന്ന് നേതാക്കൾ പറഞ്ഞു. ഈസ്റ്റേൺ പ്രോവിൻസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും സെക്രട്ടറി ആസിഫ് താനൂർ നന്ദിയും പറഞ്ഞു.

 

Related Articles

- Advertisement -spot_img

Latest Articles