ടെൽ അവീവ് : മൂന്നാം ദിവസവും ശക്തമായി ഇറാൻ ഇസ്രായേലിൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഇസ്രായേലിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി. നേഴ്‌സ്, കെയറിങ് ഗിവർ, വിദ്യാർഥികൾ, വ്യാപാരികൾ തുടങ്ങി വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്കാണ് എംബസിയുടെ മുന്നറിയിപ്പ്. ഇസ്രായേൽ വ്യോമാതിർത്തി അടക്കുകയും അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്‌ത സാഹചര്യത്തിൽ ഇന്ത്യക്കാർ ജാഗ്രത പാലിക്കെണമെന്നും അനാവശ്യമായ സഞ്ചാരം ഒഴിവാക്കണമെന്നും നൽകപ്പെട്ടിട്ടുള്ള നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും എംബസി വാർത്താകുറിപ്പിൽ പറഞ്ഞു .
സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ നിരന്തരമായി എംബസി കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും ഇസ്രായേൽ അധികാരികളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും എംബസി വ്യക്തമാക്കി.
ഇന്ത്യക്കാരുടെ സുരക്ഷിതത്വമാണ് പ്രഥമ പരിഗണനയെന്നും ഏത് സഹായങ്ങൾക്കും എപ്പോഴും ബന്ധപ്പെടാമെന്നും എംബസി അറിയിച്ചു. 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ നമ്പറുകളും എംബസി പ്രസിദ്ധപെടുത്തി.
ഫോണ്‍: +972547520711/ +972543278392