24.8 C
Saudi Arabia
Tuesday, July 8, 2025
spot_img

ആർഎസ്എസ് സഹകരണം; മലക്കം മറിഞ്ഞു സിപിഎം

മലപ്പുറം: അടിയന്തരാവസ്ഥയിൽ ആർഎസ്എസുമായി സിപിഎം സഹകരിച്ചിരുന്നുവെന്ന പ്രസ്‌താവനയിൽ മാൽക്കം മറിഞ്ഞു സിപിഎം സംസ്ഥാന സെക്രട്ടറി. അടിയന്തിരാവസ്ഥ കാലത്ത് ആർഎസ്എസുമായി സിപിഎം സഹകരിച്ചിട്ടുണ്ടായിരുന്നു എന്നായിരുന്നു നേരത്തെ എംവി ഗോവിന്ദൻ പറഞ്ഞിരുന്നത്. നിലമ്പൂർ ഉപ തെരെഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‌ലാമിയുമായി യുഡിഎഫ് ചേർന്ന് പ്രവർത്തിക്കുന്നതിൽ വിമർശനം ഉന്നയിച്ചു സംസാരിക്കുന്നതിനിടയിലായിരുന്നു സെക്രട്ടറിയുടെ പരാമർശം. അടിയന്തിരാവസ്ഥയിൽ ഫാസിസത്തിന്റെ അവസാനത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ ആർഎസ്എസുമായി സഹകരിച്ചിരുന്നു എന്നായിരുന്നു സെക്രട്ടറി പറഞ്ഞത്. ചില സത്യങ്ങൾ തുറന്നു പറയണമെന്നും വിവാദമാകുമെന്ന് കരുതി മൂടി വെക്കേണ്ട ആവശ്യമില്ലെന്നും പറഞ്ഞായിരുന്നു എംവി ഗോവിന്ദൻ ആർഎസ്എസ് ബന്ധം തുറന്നു പറഞ്ഞത്.

എന്നാൽ പാർട്ടി സെക്രട്ടിയുടെ തുറന്നു പറച്ചിലിൽ ചില വ്യക്തത വരുത്തി നിലമ്പൂർ സ്ഥാനാർഥിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം സ്വരാജ് രംഗത്ത് വന്നിരുന്നു. ജനതാ പാർട്ടിയുമായാണ് സിപിഎം സഹകരിച്ചതെന്നും ജനത പാർട്ടിക്ക് വർഗീയ നിലപാടുകൾ ഉണ്ടായിരുന്നില്ലെന്നും സ്വരാജ് പറഞ്ഞു. അതേസമയം താൻ എംവി ഗോവിന്ദന്റെ ഇന്റർവ്യൂ കണ്ടിട്ടില്ലെന്നും ഏതെങ്കിലും ഒരു വർഗീയവാദിയുടെ വോട്ടിന് വേണ്ടി അഴകുഴമ്പൻ നിലപാട് സ്വീകരിക്കുന്നവർ അല്ല ഇടതുപക്ഷമെന്നും സ്വരാജ് കൂട്ടിച്ചേർത്തു.

‘ആര്‍എസ്എസുമായല്ല ജനതാ പാര്‍ട്ടിയുമായാണ് അന്ന് ഇടതു പക്ഷം സഹകരിച്ചത്. പിന്നീട് ആര്‍എസ്എസ് ജനത പാര്‍ട്ടിയില്‍ സ്വാധീനം ഉറപ്പിക്കുന്നു എന്ന വിമര്‍ശനം ഉണ്ടായി. 1984 ലെ ഉപതിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് നിയന്ത്രണത്തില്‍ ഉള്ള ജനതാ പാര്‍ട്ടിയുടെ വോട്ട് സ്വീകരിക്കുമെന്ന് വന്നപ്പോള്‍ പലയിടങ്ങളില്‍ നിന്നും ചോദ്യമുയര്‍ന്നിരുന്നു. അന്ന് ഇഎംഎസാണ് ആര്‍എസ്എസ് വോട്ട് വേണ്ട എന്ന് പ്രഖ്യാപിച്ചത്. ആ ഉപതിരഞ്ഞെടുപ്പില്‍ നാലിടത്തും ഇടതുപക്ഷം ജയിച്ചു. പിന്നീട് ആര്‍എസ്എസ് പിടിമുറുക്കിയ ജനതാ പാര്‍ട്ടിയുമായി സഹകരിച്ചത് കോണ്‍ഗ്രസാണ്. ഓ രാജഗോപാല്‍ കാസര്‍ക്കോട് കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ചു. ഇഎംഎസ് ഗവണ്‍മെന്റിനെ പുറത്താക്കാനുള്ള സമരത്തിലും അന്ന് ആര്‍എസ്എസ് പിന്തുണ നല്‍കി. പട്ടാമ്പിയില്‍ ഇഎംഎസ്സിനെ തോല്‍പ്പിക്കാന്‍ ആര്‍എസ്എസ്-കോണ്‍ഗ്രസ് പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. ഇതെല്ലാം ചരിത്രമാണ്. അത് ആര്‍ക്കും ഖണ്ഡിക്കാനാവില്ല.’ എം സ്വരാജ് വിശദീകരിച്ചു.

പ്രസ്‌താവന വിവാദമായതിനെ തുടർന്ന് വിശദീകരണവുമായി എംവി ഗോവിന്ദൻ രംഗത്ത് വന്നു.തൻറെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും അടിയന്തിരാവസ്ഥ കാലത്ത് ഇന്ത്യ ഒറ്റക്കെട്ടായാണ് നീങ്ങിയതെന്ന സാഹചര്യമാണ് പറഞ്ഞത്. ആർഎസ്എസുമായി സിപിഎം കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല, ഇനി ഉണ്ടാവുകയുമില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

‘ചരിത്രത്തെ ചരിത്രത്തിന്റെ ഭാഗമായി പഠിക്കണം. അങ്ങനെ കാണാനും തയ്യാറാകണം. അങ്ങനെയല്ലാതെ വരുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്താനും യുഡിഎഫിന് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കാനും മാധ്യമങ്ങള്‍ തയ്യാറായത്. അടിയന്തിരാവസ്ഥ അർദ്ധ ഫാസിസത്തിന്റെ ഭാഗമായിരുന്നു. പാർലമെന്ററി ജനാധിപത്യ സംവിധാനം പൂർണമായിട്ടും ഇല്ലായ്മ ചെയ്‌തു. അടിയന്തിരാവസ്ഥ കാലത്ത് ജയിലിൽ കിടന്നു അനുഭവമുള്ള ഇവരെല്ലാം അർദ്ധ ഫാസിസ്റ്റ് രീതിയിൽ കോൺഗ്രസ് നടപ്പാക്കിയ വാഴ്ചക്കെതിരെ ശബ്ദിച്ചവരാണ്. ആ മുന്നേറ്റത്തിന്റെ ഭാഗമായിട്ടാണ് വിവിധ പാർട്ടികൾ ചേർന്ന് ജനത പാർട്ടി രുപീകരിച്ചത്. അത്തരമൊരു സമയത്ത് ഇന്ത്യ ഒറ്റകെട്ടായി നീങ്ങിയ സാഹചര്യമാണ് സൂചിപ്പിച്ചത്. ആർഎസ്എസുമായി സിപിഐഎം ഒരു കൂട്ടുകെട്ടുമുണ്ടാക്കിയിട്ടില്ല, ഉണ്ടാക്കുകയുമില്ല എംവി ഗോവിന്ദൻ പറഞ്ഞു. വിമോചന സമരത്തിന്റെ ഘട്ടത്തിൽ കോൺഗ്രസ് ആർഎസ്എസുമായി പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

 

 

Related Articles

- Advertisement -spot_img

Latest Articles