മലപ്പുറം: നിലമ്പൂരിൽ പോളിംഗ് പുരോഗമിക്കുമ്പോൾ പ്രതീക്ഷകൾ കൈവിടാതെ അൻവർ. ആര്യാടൻ ഷൗക്കത്തിന് കഥയെഴുതാനും എം സ്വരാജിന് പാർട്ടി സെക്രട്ടേറിയേറ്റിലേക്കും പോകാമെന്നും നിയമസഭയിലേക്ക് ഞാൻ പോകുമെന്നും പിവി അൻവർ പറഞ്ഞു. വോട്ട് രേഖപെടുത്താനെത്തിയ അൻവർ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫ് സ്ഥാനാർഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വെച്ചാണ് പ്രചാരണം നടത്തിയതെന്നും അൻവർ കൂട്ടിച്ചേർത്തു. ഇടതു മുന്നണിയിൽ നിന്ന് 25 ശതമാനം വോട്ടും യുഡിഎഫിൽ നിന്ന് 35 ശതമാനം വോട്ടും തനിക്ക് ലഭിക്കും. 75000 ന് മുകളിൽ വോട്ടുകൾ തനിക്ക് ലഭിക്കുമെമെന്നത് ആത്‌മവിശ്വാസമല്ല, യാഥാർഥ്യമാണെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
ജനങ്ങളുടെ വിഷയങ്ങൾ രണ്ട് മുന്നണികളും അവഗണിച്ചു. 2016 ൽ ആര്യാടൻ ഷൗക്കത്തിന്റെ ബൂത്തിൽ ഞാനാണ് ലീഡ് ചെയ്‌തത്. കഴിഞ്ഞ തവണയും ഞാൻ തന്നെയായിരുന്നു ലീഡ്. ഇത്തവണയും നമുക്ക് കാണാം. സിപിഎം പ്രാദേശിക നേതാക്കൾക്ക് ബന്ധപ്പെടാൻ മൂന്ന് മൊബൈൽ നമ്പർ കിട്ടിയിട്ടുണ്ട്. അവർ നിരന്തരം ബന്ധപ്പെടുന്നുണ്ട്. മുണ്ടൂരിൽ ദാരുണമായ മരണത്തിനിടെയാണ് തെരെഞ്ഞെടുപ്പെന്നും അൻവർ പറഞ്ഞു