28.1 C
Saudi Arabia
Sunday, March 22, 2026
spot_img

തിരുവസന്തം 1500; മലപ്പുറത്ത് ആയിരങ്ങളുടെ നബിദിന സന്ദേശ റാലി

മലപ്പുറം: പ്രവാചകന്റെ 1500 മത് ജന്മദിനത്തോടനുബന്ധിച്ച് മലപ്പുറത്ത് നബിദിന സന്ദേശ റാലി നടന്നു. തിരുവസന്തം 1500 എന്ന ശീർഷകത്തിൽ നടന്ന റാലിയിൽ ആയിരങ്ങൾ അണിനിരന്നു. മഅദിൻ അക്കാദമിയുടെയും വിവിധ സുന്നീ സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന റാലി കേരളത്തിലെ തന്നെ ഏറ്റവും വലിയ നബിദിന റാലിയായിരുന്നു.

മഅ്ദിന്‍ അക്കാദമി, സമസ്‌ത, കേരള മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്, എസ്എസ്എഫ്, എസ്എംഎ, എസ്‌ജെഎം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ആയിരുന്നു റാലി. സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്‌തു. സമസ്‌ത സെക്രട്ടറി പൊൻമള അബ്ദുൽഖാദർ മുസ്‌ലിയാർ അധ്യക്ഷം വഹിച്ചു. മഅ്ദിന്‍ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി നബിദിന പ്രഭാഷണം നടത്തി. മാനവ സമൂഹത്തിന് നീതിയും സമത്വവും പഠിപ്പിച്ച തുല്യതയില്ലാത്ത വ്യക്തിത്വമാണ് പ്രവാചകൻ മുഹമ്മദ് നബിയെന്നും സഹോദര സമുദായാംഗങ്ങളോട് സ്നേഹവും സൗഹൃദവും കരുതലും ജീവിച്ചു കാണിച്ചു കൊടുത്ത മാതൃകാ പുരുഷനാണ് അവിടുന്നെന്നും തങ്ങൾ പറഞ്ഞു.

മഅ്ദിന്‍ രിബാതുൽ ഖുർആൻ വിദ്യാർഥികൾ അവതരിപ്പിച്ച മെഗാ ദഫും ഫ്‌ളവർ ഷോയും റാലിയുടെ ആകർഷണമായി മാറി. വിവിധ ഭാഷകളിലുള്ള നബി കീർത്തന കാവ്യങ്ങളും മദ്ഹ് ഗാനങ്ങളുമായി നീങ്ങിയ വർണാഭവമായ റാലിയിൽ പൊതുജനങ്ങളും മഅ്ദിന്‍ സ്ഥാപനങ്ങളിലെ വിദ്യാർഥികളുമടക്കം ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ ബോധവൽക്കരണം, ബഹുസ്വര സമൂഹത്തിൽ വിശ്വാസിയുടെ ബാധ്യത, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രവാചക മാതൃകകൾ, കാർഷിക രംഗത്തെ പ്രവാചകാധ്യാപനങ്ങൾ, മതദർശനങ്ങളുടെ പേരിൽ സമൂഹത്തിൽ സംഘര്ഷമുണ്ടാക്കുന്നതിന്റെ നിരർത്ഥകത എന്നിവ വ്യക്തമാക്കുന്ന പ്രദർശനങ്ങൾ റാലിയെ ശ്രദ്ധേയമാക്കി.

മഅ്ദിന്‍ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ദഫ്, സ്‌കൗട്ട് ഗ്രൂപ്പുകളും അണി നിരന്നു. മഅ്ദിന്‍ തഹ്‌ഫീളുൽ ഖുർആൻ കോളേജ് വിദ്യാർഥികളുടെ ഫ്‌ളവർ ഷോ ഏറെ ആകർഷകമായി. റാലി വീക്ഷിക്കാൻ ആയിരങ്ങളായിരുന്നു റോഡിന് ഇരു വശവും തടിച്ചു കൂടിയിരുന്നത്. സമസ്‌ത കേന്ദ്ര മുശാവറ അംഗങ്ങളായ പൊന്മള മൊയ്‌തീൻകുട്ടി ബാഖവി, അബൂ ഹനീഫൽ ഫൈസി തെന്നല, അലവി സഖാഫി കൊളത്തൂർ, അബ്ദുല്ല അഹ്സനി ചെങ്ങാണി, സൈനുൽ ആബിദീൻ ജീലാനി, സയ്യിദ് ജമാലുദ്ധീൻ ജീലാനി, സയ്യിദ് ശിഹാബുദ്ധീൻ അൽ ഹൈദ്രോസി, ചാലിയം അബ്ദുൽ കരീം ഹാജി, മുസ്‌തഫ കോഡൂർ, ഊരകം അബ്ദുറഹ്മാൻ സഖാഫി, പികെഎം സഖാഫി ഇരിങ്ങല്ലൂർ, കെപി ജമാൽ കരുളായി,കുഞ്ഞുമുഹമ്മദ് സഖാഫി പറവൂർ, ഷാഫി വേങ്ങാട്, സൈനുദ്ധീൻ സഖാഫി നേതൃത്വം നൽകി.

Related Articles

- Advertisement -spot_img

Latest Articles