ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ ആവശ്യം ഇന്ത്യ നിരസിക്കുമെന്ന് സൂചന. ഹസീനയെ കൈമാറാൻ സാധിക്കില്ലെന്ന നിലപാട് നയതന്ത്ര മാർഗങ്ങളിലൂടെ ബംഗ്ലാദേശിനെ അറിയിക്കാനാണ് ഇന്ത്യയുടെ നീക്കം. ബംഗ്ലാദേശിലെ ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ (ICT) ഹസീനക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെയാണ് അവരെ വിട്ടുകിട്ടണമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ഇന്ത്യയോട് ആവശ്യപ്പെട്ടത്.
ഷെയ്ഖ് ഹസീന ഇപ്പോൾ ഇന്ത്യയിൽ സുരക്ഷിതയായി തുടരുകയാണെന്നും, നിലവിലെ സാഹചര്യത്തിൽ അവരെ കൈമാറുന്നത് ഉചിതമല്ലെന്നുമാണ് ഇന്ത്യയുടെ വിലയിരുത്തൽ. വിധി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ബംഗ്ലാദേശിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾക്കൊപ്പം നിൽക്കുമെന്നും സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാൻ എല്ലാ വിഭാഗങ്ങളുമായും സഹകരിക്കുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രാഷ്ട്രീയ പ്രേരിതമായ കേസുകളിൽ കൈമാറ്റം ഒഴിവാക്കാൻ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉടമ്പടിയിൽ വ്യവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാകും ഇന്ത്യ ഹസീനയെ സംരക്ഷിക്കുക.



