20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

ഇൻഡിഗോ വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയത് മനപൂർവമോ?

മുംബൈ : രാജ്യത്തെ മറ്റ് എയർലൈനുകളെ അപേക്ഷിച്ച് ഇൻഡിഗോ വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം വലിയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോയുടെ ഓപ്പറേഷൻ രീതികളിലെ പാളിച്ചകളും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കൊണ്ടുവന്ന പുതിയ നിയമങ്ങളെ മുൻകൂട്ടി കാണാതിരുന്നതുമാണ് ഇൻഡിഗോയിൽ പ്രതിസന്ധി രൂക്ഷമാകാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുതുതായി കൊണ്ട് വന്ന ചട്ടങ്ങളെ മറിക്കടക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും ആരോപണമുണ്ട്.

2025 നവംബർ 1-ഓടെ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പൂർണ്ണമായി നടപ്പാക്കാൻ ലക്ഷ്യമിട്ട് കൊണ്ട് വന്ന നിയമങ്ങൾ പ്രകാരം, പൈലറ്റുമാരുടെ ആഴ്ചയിലെ വിശ്രമം 36-ൽ നിന്ന് 48 മണിക്കൂറായി വർദ്ധിപ്പിച്ചു. രാത്രിയിൽ വിമാനം ഇറക്കുന്നതിനുള്ള പരിധി ആറിൽ നിന്ന് രണ്ടായി കുറയ്ക്കുകയും രാത്രികാല ഡ്യൂട്ടി സമയം 10 മണിക്കൂറായി പരിമിതപ്പെടുത്തുകയും ചെയ്തു. പുതിയ നിയമങ്ങൾ പൈലറ്റുമാർക്ക് ഒരാഴ്ചയിൽ പറത്താൻ കഴിയുന്ന വിമാന സർവീസുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാക്കി.

കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ വിമാനങ്ങൾ പുറപ്പെടുന്ന ‘ഫാസ്റ്റ്-ടേൺറൗണ്ട്’ ഷെഡ്യൂളുകൾക്ക് പേരുകേട്ട എയർലൈനായ ഇൻഡിഗോയ്ക്ക് ഇന്ത്യയിലെ ആഭ്യന്തര വിമാന മാർക്കറ്റിന്റെ 65 ശതമാനത്തിലധികം പങ്കാളിത്തത്തോടെ രാജ്യത്തെ ഏറ്റവും വലിയ നെറ്റ്‌വർക്കാണുള്ളത്. ‘ലീൻ സ്റ്റാഫിംഗ്’ അഥവാ ആവശ്യത്തിന് പൈലറ്റുമാരുടെ കരുതൽ ശേഖരം ഇല്ലാത്ത ‘ബഫർ-ഡെഫിസിറ്റ്’ എന്ന നയമാണ് ഇൻഡിഗോ പിന്തുടർന്നിരുന്നത്. കർശനമായ പുതിയ വിശ്രമ നിയമങ്ങൾ നിലവിൽ വന്നതോടെ, മതിയായ പൈലറ്റുമാരുടെ കരുതൽ ഇല്ലാത്ത പ്രവർത്തന സംവിധാനം പെട്ടെന്ന് താളം തെറ്റുകയും കൂട്ടത്തോടെ സർവീസുകൾ റദ്ദാക്കേണ്ടി വരികയും ചെയ്തു.

പുതിയ സുരക്ഷാ നിയമങ്ങളിൽ ഇളവ് ലഭിക്കുന്നതിനായി ഇൻഡിഗോ ബോധപൂർവ്വം ഒരു “കൃത്രിമ പ്രതിസന്ധി” സൃഷ്ടിക്കുകയായിരുന്നുവെന്ന് വാർത്തകളുണ്ട്. പ്രതിസന്ധിയെ തുടർന്ന്, പുതിയ പൈലറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ നിയമങ്ങളിലെ ചില നിബന്ധനകളിൽ ഇൻഡിഗോയ്ക്ക് താൽക്കാലിക ഇളവ് നൽകിയിട്ടുണ്ട് എന്നത് ഈ ആരോപനങ്ങളെ ശരി വെക്കുന്നു.

എന്നാൽ, ഡിജിസിഎയുടെ താൽക്കാലിക ഇളവുകൾ പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച കോടതി നിർദ്ദേശങ്ങൾക്കും ശാസ്ത്രീയമായ ക്ഷീണ-ലഘൂകരണ മാനദണ്ഡങ്ങൾക്കും വിരുദ്ധമാണെന്ന് പൈലറ്റുമാർ ആരോപിച്ചു. സുരക്ഷയെക്കാൾ വാണിജ്യപരമായ താൽപ്പര്യങ്ങൾക്കാണ് ഡിജിസിഎ മുൻഗണന നൽകിയതെന്നും, ക്ഷീണം മൂലമുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം ഡിജിസിഎക്കായിരിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

 

Related Articles

- Advertisement -spot_img

Latest Articles