പത്തനംതിട്ട: അടൂർ ബൈപാസിൽ കാറും ലോറിയും കൂട്ടിയിടിച്ചു രണ്ടു പേർക്ക് ഗുരുതര പരിക്ക്. എറണാകുളത്തുനിന്നും തിരുനവന്തപുരത്തേക്ക് പോയ കെഎസ്ആർടിസി പാർസൽ ലോറിയും കൊട്ടാരക്കരയിൽ നിന്നും കോട്ടയത്തേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ പാർസൽ ലോറി റോഡിന് കുറുകെ മറിയുകയും കാർ പൂർണമായും തകരുകയും ചെയ്‌തു. ലോറി ഡ്രൈവർക്ക് പരിക്കൊന്നുമില്ല. തെറ്റായ ദിശയിൽ അമിത വേഗതയിലെത്തിയ കാർ ലോറിയിലിടിച്ചാണ് അപകടം ഉണ്ടാക്കിയത്. ക്രയിൻ എത്തിച്ചു ലോറി മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
അടൂർ ബൈപാസിൽ ഫാത്തിമ സൂപ്പർ മാർക്കറ്റിന് സമീപം പുലർച്ചെ നാലുമണിയോടടുപ്പിച്ചായിരുന്നു അപകടം. കാറിൽ നാലുപേർ ഉണ്ടായിരുന്നു. രണ്ടു പേരുടെ നില ഗുരുതരമാണ്. യാത്രക്കാരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
അടൂർ ഫയര് സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ, സീനിയർ റെസ്ക്യൂ ഓഫിസർ അജീഖാൻ യൂസഫ് എന്നവരുടെ നേതൃത്വത്തിൽ ഓഫീസർമാരായ അനീഷ്, രാഹുൽ, സജാദ്, ശ്രീകുമാർ, സന്തോഷ് ജോർജ് എന്നിവരാണ് രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തത്