തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഉജ്ജ്വല വിജയം. എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റിൽ 83 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഐ.എൻ.ടി.യു.സി നേതാവായ കെ.എച്ച്. സുധീർഖാൻ വിജയിച്ചത്. കഴിഞ്ഞ രണ്ട് തവണയും ഇടതുപക്ഷം വിജയിച്ച വാർഡിലാണ് ഈ അട്ടിമറി വിജയം. സുധീർഖാൻ 2902 വോട്ടുകൾ നേടിയപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ. നൗഷാദ് 2819 വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തി. എൻ.ഡി.എ സ്ഥാനാർത്ഥി സർവശക്തിപുരം ബിനു 2437 വോട്ടുകൾ നേടി.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് തലേദിവസം സ്വതന്ത്ര സ്ഥാനാർത്ഥി മരിച്ചതിനെത്തുടർന്നാണ് വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. 69.78 ശതമാനം പോളിങ് രേഖപ്പെടുത്തിയ വാർഡിൽ ആകെ ഒമ്പത് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. തീരദേശ മേഖലയിലെ വോട്ടുകളുടെ കുറവ് പോളിങ് ശതമാനത്തെ ബാധിച്ചെങ്കിലും യു.ഡി.എഫ് ക്യാമ്പിനെ ആവേശത്തിലാക്കുന്ന ഫലമാണ് പുറത്തുവന്നത്. വാർഡിലെ വിജയത്തോടെ തിരുവനന്തപുരം കോർപറേഷനിലെ കക്ഷിനിലയിലും വലിയ ചലനങ്ങൾ ഉണ്ടാക്കാൻ യു.ഡി.എഫിന് സാധിച്ചു.



