തിരുവനന്തപുരം: സിപിഎമ്മിന്റെ പ്രമുഖ വനിതാ നേതാവും കൊട്ടാരക്കര മുൻ എംഎൽഎയുമായ ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിൽ നിന്നും അവർ പാർട്ടി അംഗത്വം സ്വീകരിച്ചു. മൂന്ന് തവണ നിയമസഭാംഗവും സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന ഐഷ പോറ്റി, മുപ്പത് വർഷത്തിലേറെ നീണ്ട പാർട്ടി ബന്ധം അവസാനിപ്പിച്ചാണ് കോൺഗ്രസിലേക്ക് എത്തിയത്. സിപിഎം തനിക്ക് സന്തോഷം നൽകിയതുപോലെ തന്നെ വലിയ ദുഃഖവും നൽകിയെന്ന് അംഗത്വം സ്വീകരിച്ച ശേഷം അവർ പ്രതികരിച്ചു.
കഴിഞ്ഞ കുറച്ചു കാലമായി സിപിഎം നേതൃത്വവുമായി ഐഷ പോറ്റി അകൽച്ചയിലായിരുന്നു. തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതും വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതും അവരെ പാർട്ടിയിൽ നിന്ന് മാനസികമായി അകറ്റിയിരുന്നു. സൈബർ ആക്രമണങ്ങളെ താൻ ഭയക്കുന്നില്ലെന്നും അത്തരം നീക്കങ്ങൾ തന്നെ കൂടുതൽ കരുത്തയാക്കുമെന്നും അവർ വ്യക്തമാക്കി. ‘വർഗ വഞ്ചകി’ എന്ന വിളി കേൾക്കേണ്ടി വന്നേക്കാം, എങ്കിലും മനുഷ്യരോട് സ്നേഹത്തോടെ പെരുമാറുന്ന രാഷ്ട്രീയമാണ് താൻ ആഗ്രഹിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു. ഐഷ പോറ്റിയുടെ കടന്നുവരവ് കോൺഗ്രസിന് രാഷ്ട്രീയമായി വലിയ കരുത്തുപകരുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.



