കൊച്ചി: പതിനെട്ട് വർഷം മുമ്പ് സമർപ്പിക്കപ്പെട്ട പാലോളി കമ്മിറ്റി ശുപാർശകളും നിർദേശങ്ങളും പൂർണ്ണമായി നടപ്പിലാക്കിയതിന് ശേഷം മാത്രമേ ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ടിലെ കാര്യങ്ങൾ സർക്കാർ നടപ്പിലാക്കാവൂ എന്ന് മെക്ക സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ അലി ആവശ്യപ്പെട്ടു. 2008-ൽ സമർപ്പിക്കപ്പെട്ട പാലോളി കമ്മിറ്റിയുടെ കാതലായ നിർദ്ദേശങ്ങൾ ഇപ്പോഴും നടപ്പിലാക്കാതെ അവശേഷിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2023-ലെ ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ടിലെ പല ശുപാർശകളും വർഷങ്ങളായി കേരളത്തിൽ നിലവിലുള്ളവയാണെന്നും അതിൽ വലിയൊരു ശതമാനം ആനുകൂല്യങ്ങൾ നിലവിൽ പിന്നാക്ക ക്രൈസ്തവർക്കും പരിവർത്തിത ക്രൈസ്തവർക്കും ലഭിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലത്തീൻ കത്തോലിക്കർ, പരിവർത്തിത ക്രൈസ്തവർ എന്നിവരൊഴികെയുള്ള മുന്നോക്ക വിഭാഗങ്ങൾ ജനസംഖ്യാനുപാതികമായ അവകാശങ്ങൾക്കും അധികാരസ്ഥാനങ്ങൾക്കും അപ്പുറം വലിയ തോതിൽ നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. സർക്കാർ ഉദ്യോഗങ്ങളിലും തൊഴിൽ മേഖലകളിലും മുന്നോക്ക ക്രൈസ്തവർക്ക് ഉയർന്ന പ്രാതിനിധ്യമാണുള്ളത്. ഐ.എ.എസ്, ഐ.പി.എസ് തുടങ്ങിയ ഉന്നത തസ്തികകളിലും വകുപ്പ് മേധാവികളിലും ഇവരുടെ സാന്നിധ്യം ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിൽ തീരദേശവാസികളും മത്സ്യത്തൊഴിലാളി മേഖലയിലുള്ളവരുമായ പിന്നോക്ക ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകേണ്ടത്.
മുസ്ലിം ഒ.ബി.സി, എൽ.സി, ഒ.എക്സ്, നാടാർ ക്രിസ്ത്യൻ തുടങ്ങിയ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താൻ സ്പെഷ്യൽ റിക്രൂട്ട്‌മെന്റും ബാക്ക്‌ലോഗ് നികത്തലും അനിവാര്യമാണെന്ന് എൻ.കെ അലി വ്യക്തമാക്കി. ദശകങ്ങളായി മുടങ്ങിക്കിടക്കുന്ന പാലോളി കമ്മിറ്റി നിർദേശങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കാതെ പുതിയ റിപ്പോർട്ടുകൾ നടപ്പിലാക്കുന്നത് സാമൂഹിക നീതിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



