പ്രവാസികൾ ഭയപ്പെടേണ്ട, ഗൾഫ് സുരക്ഷിതമാണ്; വ്യാജ പ്രചാരണങ്ങളിൽ വീഴരുത്: എം.എ. യൂസഫലി

ദുബായ്: പശ്ചിമേഷ്യയിലെ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസികളെയും നാട്ടിലുള്ള അവരുടെ കുടുംബാംഗങ്ങളെയും ഭയപ്പെടുത്തുന്ന രീതിയിലുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയ വഴിയും അല്ലാതെയും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുണ്ടാക്കി ആളുകളെ ആശങ്കപെടുത്തുന്ന പ്രവണത ഒഴിവാക്കണം.

ഗൾഫ് രാജ്യങ്ങൾ സുരക്ഷിതമാണെന്നും ഏത് സാഹചര്യത്തെയും നേരിടാൻ പ്രാപ്തിയുള്ള കരുത്തുറ്റ ഭരണാധികാരികളാണ് ഈ രാജ്യങ്ങൾ നയിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യുദ്ധപശ്ചാത്തലത്തിൽ ഗൾഫിൽ ഭക്ഷണസാധനങ്ങൾക്ക് ക്ഷാമം നേരിടുമെന്ന തരത്തിലുള്ള പ്രചാരണങ്ങളിൽ ഒട്ടും കഴമ്പില്ല. റമദാൻ മാസത്തിൽ ആവശ്യമായ ഇറച്ചി, പച്ചക്കറികൾ തുടങ്ങി എല്ലാ നിത്യോപയോഗ സാധനങ്ങളും എല്ലാ രാജ്യത്തും ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും ഒരു തരത്തിലുള്ള ദൗർലഭ്യവും ഉണ്ടാവില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. ലുലു ഗ്രൂപ്പ് ഉൾപ്പെടെയുള്ള എല്ലാ ബിസിനസ് സ്ഥാപനങ്ങളും ഇതിനാവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ട്.

മാധ്യമങ്ങൾ വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഉത്തരവാദിത്തം കാണിക്കണമെന്നും ഗവൺമെന്റ് നൽകുന്ന ഔദ്യോഗിക വിവരങ്ങൾ മാത്രം ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ വാർത്തകൾ നൽകുന്നവർക്കെതിരെ ഗൾഫ് രാജ്യങ്ങളിലെ നിയമങ്ങൾ വളരെ കർക്കശമാണെന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.

പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും അന്നം നൽകുന്ന ഈ നാടിന്റെ സമാധാനത്തിനായി എല്ലാവരും പ്രാർത്ഥിക്കണമെന്നും അനാവശ്യമായ വേവലാതികൾ ഒഴിവാക്കി സമാധാനമായി ഇരിക്കണമെന്നും എം.എ. യൂസഫലി കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles