കൽപറ്റ: ചൂരൽമല ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്കായി സർക്കാർ നിർമിച്ച വയനാട് ടൗൺഷിപ്പിലെ പുതിയ വീട്ടിൽ വിള്ളൽ കണ്ടെത്തിയത് താമസക്കാരെ ആശങ്കയിലാക്കുന്നു. ഒന്നാം ഘട്ടത്തിൽ നിർമ്മാണം പൂർത്തിയായ എ-8 (A-8) എന്ന വീട്ടിലാണ് മേൽക്കൂരയിൽ വിള്ളൽ കണ്ടെത്തുകയും മഴവെള്ളം ഉള്ളിലേക്ക് ചോർന്നൊലിക്കുകയും ചെയ്തത്. സ്ലാബ് തന്നെ പൊട്ടിയ നിലയിലാണെന്നും പ്ലാസ്റ്റർ പൊട്ടിയതല്ലെന്നും വീടിന്റെ ഉടമയായ നൗഫൽ ആരോപിച്ചു. മുമ്പ് പുത്തമല ദുരന്തബാധിതർ നേരിട്ട സമാനമായ അനുഭവങ്ങൾ തനിക്കും ഉണ്ടാകുമോ എന്ന ഭയമുണ്ടെന്നും, പരാതിപ്പെട്ടപ്പോൾ അധികൃതർ വീട് പൂട്ടിയിട്ടതായും നൗഫൽ മാധ്യമങ്ങളോട് പറഞ്ഞു. വീടിന്റെ വാതിലിന്റെ വശങ്ങൾ പൊട്ടിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, മേൽക്കൂരയിൽ കണ്ടത് കെട്ടിടത്തിന്റെ ബലക്ഷയമല്ലെന്നും മറിച്ച് താപനിലയിലുണ്ടാകുന്ന വ്യതിയാനം മൂലം സംഭവിക്കുന്ന ‘ഷ്രിങ്കേജ് ക്രാക്ക്’ (Shrinkage Crack) മാത്രമാണെന്നും ഊരാളുങ്കൽ ടൗൺഷിപ്പ് സിഇഒ അരുൺ പ്രതികരിച്ചു. വാട്ടർപ്രൂഫിംഗും സ്ക്രീഡ് കോൺക്രീറ്റും ചെയ്യുന്നതോടെ ഈ പ്രശ്നം പൂർണ്ണമായും പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ക്വാളിറ്റി കൺട്രോൾ ടീമും കിഫ്‌കോണും (KIFCON) വിശദമായ പരിശോധനകൾ നടത്തുന്നുണ്ട്. മൈക്രോസ്കോപ്പ് ഉപയോഗിച്ചുള്ള പരിശോധനയിൽ കണ്ടെത്തുന്ന ചെറിയ അപാകതകൾ പോലും പരിഹരിച്ചതിന് ശേഷം മാത്രമേ വീടുകൾ കൈമാറൂ എന്നും ജലസംഭരണികളുടെയും മാലിന്യസംസ്കരണ സംവിധാനങ്ങളുടെയും പണി പൂർത്തിയാകാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



