24.5 C
Saudi Arabia
Wednesday, April 22, 2026
spot_img

തെക്കൻ ഇസ്രായേലിൽ ആയിരക്കണക്കിന് തേനീച്ചകൾ തടിച്ചുകൂടുന്നു; ജനങ്ങൾ വീടിനുള്ളിൽ കഴിയാൻ നിർദ്ദേശം

ടെൽ അവീവ്: തെക്കൻ ഇസ്രായേലിലെ നെറ്റിവോട്ട് (Netivot) നഗരത്തിൽ ആയിരക്കണക്കിന് തേനീച്ചകൾ കൂട്ടമായി തടിച്ചുകൂടിയത് ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തി പരത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തേനീച്ചകൾ വൻതോതിൽ ആകാശത്തും കെട്ടിടങ്ങളിലും തടിച്ചുകൂടുന്നതിന്റെ ദൃശ്യങ്ങൾ താമസക്കാർ വൻതോതിൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്. സ്ഥിതിഗതികൾ കണക്കിലെടുത്ത്, സുരക്ഷ മുൻനിർത്തി ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്നും ജനലുകളും വാതിലുകളും അടച്ചിടണമെന്നും പ്രാദേശിക അധികൃതർ കർശന നിർദ്ദേശം നൽകി. അപ്രതീക്ഷിതമായി എത്തിയ ഈ ‘തേനീച്ച പ്രളയം’ നഗരജീവിതത്തെ ഭാഗികമായി തടസ്സപ്പെടുത്തിയിരിക്കുകയാണ്.

ഈ അസാധാരണ പ്രതിഭാസത്തെക്കുറിച്ച് തേനീച്ച വിദഗ്ധർ പഠനം നടത്തിവരികയാണ്. തേനീച്ചകൾ അവയുടെ പഴയ കൂട് ഉപേക്ഷിച്ച് റാണി ഈച്ചയോടൊപ്പം പുതിയ ആവാസവ്യവസ്ഥ തേടി പോകുന്ന ‘സ്വാമിംഗ്’ (Swarming) എന്ന പ്രക്രിയയുടെ ഭാഗമാണിതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതിയിലുണ്ടാകുന്ന സമ്മർദ്ദങ്ങൾ, ആഗോളതാപനം മൂലമുള്ള കാലാവസ്ഥാ വ്യതിയാനം, നഗര സാഹചര്യങ്ങളുമായി തേനീച്ചകൾ എങ്ങനെ പൊരുത്തപ്പെടുന്നു എന്നിവയെക്കുറിച്ച് കൂടുതൽ ശാസ്ത്രീയമായ അറിവുകൾ നേടാൻ ഈ സംഭവം സഹായിക്കുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. സാധാരണഗതിയിൽ ഇത്തരത്തിൽ കൂട്ടമായി നീങ്ങുമ്പോൾ തേനീച്ചകൾ അക്രമാസക്തരാകാറില്ലെങ്കിലും, സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. നഗരത്തിലെ പാർക്കുകളിലും പൊതുസ്ഥലങ്ങളിലും തേനീച്ചകളെ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles