കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ചികിൽസാ വീഴ്ച ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെ സംഭവത്തിൽ ദുരൂഹത ഏറുന്നു. നിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കൃത്യസമയത്ത് ചികിൽസ നൽകുന്നതിൽ അധികൃതർ വീഴ്ച വരുത്തിയെന്നും രക്തം ലഭ്യമാക്കുന്നതിൽ കടുത്ത അനാസ്ഥയുണ്ടായെന്നുമാണ് കുടുംബത്തിന്റെ പ്രധാന പരാതി. ജീവൻ രക്ഷിക്കാനാവശ്യമായ അടിയന്തര ഇടപെടലുകൾ നടത്തുന്നതിൽ ഉണ്ടായ കാലതാമസം മരണത്തിന് കാരണമായെന്ന് ഇവർ ആരോപിക്കുന്നു. ചികിൽസയുമായി ബന്ധപ്പെട്ട രേഖകളിൽ വ്യക്തത വരുത്തണമെന്നും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
നേരത്തെ അധ്യാപകരുടെ മാനസിക പീഡനത്തെയും ജാതി അധിക്ഷേപത്തെയും തുടർന്നുള്ള ആത്മഹത്യ എന്ന നിലയിലായിരുന്നു പോലീസ് അന്വേഷണം പുരോഗമിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് അധ്യാപകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മെഡിക്കൽ കോളേജ് അധികൃതർക്കെതിരെയും കുടുംബം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. നിതിനെ ആശുപത്രിയിലെത്തിച്ച സമയത്തെ നടപടിക്രമങ്ങളും രക്തം നൽകുന്നതിൽ ഉണ്ടായെന്ന് പറയപ്പെടുന്ന തടസ്സങ്ങളും അന്വേഷണ സംഘം ഗൗരവമായി പരിശോധിച്ചു വരികയാണ്. പ്രത്യേക അന്വേഷണ സംഘം കുടുംബത്തിന്റെ പരാതിയിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുമെന്നാണ് വിവരം.



