റിയാദ് : സൗദി അറേബ്യയിൽ ഉംറ വിസയിൽ എത്തിയവർ രാജ്യം വിടാനുള്ള കാലാവധി മൂന്ന് ദിവസത്തിനകം അവസാനിക്കും. തടസ്സങ്ങളില്ലാത്ത മടക്കയാത്ര ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് വിവിധ വിമാന താവളങ്ങളിൽ ഒരുക്കിയിരിക്കുന്നത്. സുഗമമായ യാത്ര ഉറപ്പാക്കാൻ വിമാന താവളങ്ങളിൽ നേരത്തെ എത്തുന്നത് ഗുണം ചെയ്യുമെന്നും റിപ്പോർട്ടുകൾ
പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് അനുവദിച്ച ആനുകൂല്യം ഉപയോഗിച്ച് വിസ കാലാവധി നീട്ടിയവർക്ക് വിമാനത്താവളങ്ങളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായി കഴിഞ്ഞ ദിവസങ്ങളിൽ യാത്ര ചെയ്‌തവർ അറിയിച്ചു. ഇത്തരത്തിൽ വിസ നീട്ടിയ ചില യാത്രക്കാർക്ക് ഇമിഗ്രേഷൻ കൗണ്ടറുകളിൽ നേരിട്ട് വിരലടയാളം രേഖപ്പെടുത്തുന്നതിൽ സാങ്കേതിക തടസ്സങ്ങൾ നേരിടുന്നതായി ഇവർ റിപ്പോർട്ട് ചെയ്‌തു. ഇത്തരം സാഹചര്യങ്ങളിൽ യാത്രക്കാർ വിമാനത്താവളത്തിലെ പ്രത്യേക കൗണ്ടറുകളെ സമീപിച്ച് വിരലടയാളം രേഖപ്പെടുത്തിയ ശേഷം മാത്രമേ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുമായുള്ളു.
സാങ്കേതികമായ ഇത്തരം പ്രയാസങ്ങൾ പരിഹരിക്കാൻ പകൽ സമയങ്ങളിലുള്ള യാത്ര തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ അഭികാമ്യം. രാത്രിയിലോ പുലർച്ചെയോ ഉള്ള സമയങ്ങളിൽ ഉയർന്ന ഉദ്യോഗസ്ഥരുടെ സേവനം വിമാനത്താവളങ്ങളിൽ കുറവായേക്കാം എന്നതിനാൽ, പകൽ സമയത്ത് യാത്ര ചെയ്യുന്നത് എന്തെങ്കിലും വിധത്തിലുള്ള തടസ്സങ്ങൾ നേരിട്ടാൽ അത് വേഗത്തിൽ പരിഹരിക്കാൻ സഹായകമാകും.
ഇമിഗ്രേഷൻ നടപടികൾക്കും ബോർഡിംഗ് പാസ് വിതരണത്തിനുമായി കൂടുതൽ സമയമെടുത്തേക്കാം എന്നതിനാൽ അവസാന നിമിഷത്തെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ യാത്രക്കാർ മതിയായ സമയം മുൻകൂട്ടി കണ്ട് വിമാനത്താവളങ്ങളിൽ എത്തേണ്ടതാണ്.
ഏപ്രിൽ 18-ന് ശേഷം രാജ്യത്ത് തുടരുന്നത് നിയമലംഘനമായി കണക്കാക്കുമെന്നും ഇത് ഭാവിയിൽ സൗദിയിലേക്കുള്ള പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്താൻ കാരണമാകുമെന്നും അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി. നിശ്ചിത സമയപരിധിക്കുള്ളിൽ മടങ്ങാത്തവർക്കെതിരെ പിഴയും നാടുകടത്തലും ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് ആദ്യമേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വരാനിരിക്കുന്ന ഹജ്ജ് സീസൺ പ്രമാണിച്ച് തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശക വിസയിലുള്ളവർക്ക് മടങ്ങാൻ തീയതി നിശ്ചയിച്ചിരിക്കുന്നത്.



