വീട്ടിൽ നിന്ന് 87 ഗ്രാം എംഡിഎംഎ പിടികൂടി; കസ്റ്റഡിയിലെടുത്ത പ്രതി പോലീസിനെ തള്ളിമാറ്റി രക്ഷപ്പെട്ടു

തിരുവനന്തപുരം: വീടിനുള്ളിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന 87 ഗ്രാം എം.ഡി.എം.എ. ഡാൻസാഫ് സംഘവും പോലീസും ചേർന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത പുതുക്കുറിച്ചി ചേരമാൻതുരുത്ത് സ്വദേശി അസ്ജർ (36) പോലീസ് വാഹനത്തിൽ കയറ്റുന്നതിനിടെ ഉദ്യോഗസ്ഥരെ തള്ളിമാറ്റി ഓടി രക്ഷപ്പെട്ടു.

സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ചയാണ് ഡാൻസാഫ് സംഘം അസ്ജർ മൻസിലിൽ പരിശോധന നടത്തിയത്. വീടിന്റെ മുറിയിലെ അലമാരയിൽ രണ്ട് കവറുകളിലായി ഒളിപ്പിച്ചുവെച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് അളന്നു നൽകാൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും ഇവിടെനിന്ന് പോലീസ് പിടിച്ചെടുത്തു. വിൽപ്പനയ്ക്കും സ്വന്തം ആവശ്യത്തിനുമായാണ് ഇത് സൂക്ഷിച്ചിരുന്നതെന്ന് കസ്റ്റഡിയിലുള്ളപ്പോൾ പ്രതി സമ്മതിച്ചിരുന്നു.

പരിശോധനകൾ പൂർത്തിയാക്കി പ്രതിയെ പോലീസ് വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കവേ, അപ്രതീക്ഷിതമായി ഉദ്യോഗസ്ഥരുടെ കൈ തട്ടിമാറ്റി അടുത്തുള്ള മതിൽ ചാടിക്കടന്ന് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles