റാസൽഖൈമ: റാസൽഖൈമയിൽ ബസ് ട്രക്കിലിടിച്ചുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ച 13 പേരിൽ ഇന്ത്യക്കാരുമുണ്ടെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. അപകടത്തിൽപ്പെട്ടവരിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക സൂചനകൾ. വിസ മാറ്റത്തിനായി ഒമാനിലെത്തി തിരികെ യു.എ.ഇയിലേക്ക് മടങ്ങുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ട ബസിലുണ്ടായിരുന്നത്. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദുബൈ, അജ്മാൻ, ഷാർജ ഉൾപ്പെടെയുള്ള വിവിധ എമിറേറ്റുകളിൽ നിന്നുള്ളവരാണ് ബസിൽ യാത്ര ചെയ്തിരുന്നത്. മരിച്ചവരുടെ പേരുവിവരങ്ങൾ ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
റാസൽഖൈമ ദക്ഷിണ മേഖലയിലെ മസാഫി-ശൗക്ക-കദ്റ മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ അൽവതൻ റോഡിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്. 41 യാത്രക്കാരുമായി സഞ്ചരിച്ച ബസ്, തകരാറിനെത്തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ 11 പേർ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചതോടെയാണ് മരണസംഖ്യ 13 ആയി ഉയർന്നത്.
വിവിധ എമിറേറ്റുകളിൽ നിന്നുള്ള രക്ഷാസംഘങ്ങൾ ഉടൻ സ്ഥലത്തെത്തിയാണ് അടിയന്തര രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. അൽമുനായ് പോലീസ് സ്റ്റേഷനിലെ പ്രത്യേക സംഘം, റാക് പോലീസിലെ തിരച്ചിൽ-രക്ഷാപ്രവർത്തന വിഭാഗം, ഹത്ത പോലീസ് പട്രോൾ സംഘം എന്നിവർക്കൊപ്പം നാഷണൽ ആംബുലൻസ്, ദുബൈ ആംബുലൻസ് വിഭാഗം, ദുബൈ, ഖദ്റ അഗ്നിശമന സംഘം എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ നിരവധി പേർക്ക് ജീവൻ നഷ്ടമായതിൽ ദുബൈ കോൺസുലേറ്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുമായി കോൺസുലേറ്റ് ബന്ധപ്പെട്ടിട്ടുണ്ടെന്നും, സാധ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നൽകുന്നതിനായി പ്രാദേശിക അധികാരികളുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണെന്നും കോൺസുലേറ്റ് അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് 24 മണിക്കൂറും പ്രവർത്തിക്കുന്ന 800-46342 എന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറും കോൺസുലേറ്റ് പുറത്തുവിട്ടിട്ടുണ്ട്. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വാഹനമോടിക്കുന്നവർ റോഡിൽ അതീവ ജാഗ്രതയും ഏകാഗ്രതയും പാലിക്കണമെന്ന് റാസൽഖൈമ പോലീസ് അഭ്യർഥിച്ചു.



