ഇൻഷുറൻസ് ക്ലൈം നിഷേധിച്ചു; ഐആർഡിഎഐ, സ്റ്റാർ ഹെൽത്തിന് രണ്ട് കോടി പിഴയിട്ടു

ന്യൂഡൽഹി: ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ അന്യായമായി നിരസിച്ചതിനും പോളിസി നിബന്ധനകൾക്ക് വിരുദ്ധമായി തുക വെട്ടിക്കുറച്ചതിനും സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനിക്ക് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) രണ്ട് കോടി രൂപ പിഴ ചുമത്തി. 2026 നവംബർ 20-നാണ് റെഗുലേറ്ററി അതോറിറ്റി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

കോവിഡ്-19 സംബന്ധിച്ച ക്ലെയിമുകൾ ഉൾപ്പെടെയുള്ളവ മതിയായ കാരണങ്ങളില്ലാതെ നിരസിച്ചതായി ഐആർഡിഎഐ കണ്ടെത്തി. കൂടാതെ, പോളിസി വ്യവസ്ഥളുടെ പിന്തുണയില്ലാത്ത തരത്തിൽ ക്ലെയിം തുകയിൽ നിന്നും വെട്ടിക്കുറയ്ക്കലുകൾ നടത്തിയതായും വ്യക്തമായി. ക്ലെയിം നിരസിച്ചതിന്റെയോ തുക കുറച്ചതിന്റെയോ വ്യക്തമായ കാരണങ്ങൾ പോളിസി ഉടമകളെ അറിയിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടെന്നും, ഇത് തീരുമാനങ്ങളെ ചോദ്യം ചെയ്യാനുള്ള അവകാശവും വിവരങ്ങളും ഉപഭോക്താക്കൾക്ക് നഷ്ടപ്പെടുത്തിയെന്നും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു.

ക്ലെയിമുകൾ നിരസിച്ചതുമായി ബന്ധപ്പെട്ട ചട്ടലംഘനങ്ങൾക്ക് ഒരു കോടി രൂപയും, നിയമവിരുദ്ധമായ വെട്ടിക്കുറയ്ക്കലുകൾക്കും അപര്യാപ്തമായ ആശയവിനിമയത്തിനുമായി മറ്റൊരു കോടി രൂപയുമാണ് പിഴയായി വിധിച്ചത്. 2022 ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെ നടത്തിയ പരിശോധനയെത്തുടർന്ന് 2024 ഡിസംബറിൽ കാരണം കാണിക്കൽ നോട്ടീസ് നൽകുകയും 2025 ജൂണിൽ വ്യക്തിഗത ഹിയറിംഗ് നടത്തുകയും ചെയ്ത ശേഷമാണ് അന്തിമ നടപടി.

പോളിസി കാലാവധി അവസാനിക്കുന്നതിന് 90 ദിവസത്തിലധികം മുമ്പ് പുതുക്കൽ പ്രീമിയം ഈടാക്കിയതിനും, പരാതിക്കാർക്ക് ഇൻഷുറൻസ് ഓംബുഡ്‌സ്മാന്റെ വിശദാംശങ്ങൾ നൽകാത്തതിനും കമ്പനിക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കമ്പനി സ്വീകരിച്ച തിരുത്തൽ നടപടികൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ ഐആർഡിഎഐ, ഉത്തരവ് അടുത്ത ബോർഡ് യോഗത്തിൽ അവതരിപ്പിക്കാനും 90 ദിവസത്തിനകം ആക്ഷൻ ടേക്കൺ റിപ്പോർട്ട് സമർപ്പിക്കാനും സ്റ്റാർ ഹെൽത്തിന് നിർദ്ദേശം നൽകി. 45 ദിവസത്തിനുള്ളിൽ പിഴത്തുക  അടയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം, ഈ പിഴ കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും ലഭ്യമായ നിയമപരമായ വഴികൾ പരിശോധിച്ചുവരികയാണെന്നും സ്റ്റാർ ഹെൽത്ത് സ്റ്റോക്ക് അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles