റിയാദ്: സൗദിയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന രണ്ടു മരണങ്ങൾ പ്രവാസി കുടുംബങ്ങളിൽ വല്ലാതെ ആശങ്ക വർദ്ധിപ്പിക്കുന്നു. പ്ലസ് വൺ ക്ലാസിലേക്ക് പോകാനിറങ്ങിയ ഹനീൻ എന്ന പതിനഞ്ചുകാരന്റെയും കളിക്കളത്തിൽ കുഴഞ്ഞുവീണ മുഹമ്മദ് റയാന്റെയും വിയോഗങ്ങൾ കൗമാരപ്രായക്കാരിലെ ഹൃദയാരോഗ്യത്തെ കുറിച്ച് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
പാതിവഴിയിൽ പൊലിഞ്ഞുപോയ ഈ രണ്ട് കൗമാരക്കാരുടെ വിയോഗം സ്വന്തം മക്കളെ നഷ്ടപ്പെട്ടതിന് തുല്യമായ തീരാനോവായി മാറുകയാണ് ഓരോ പ്രവാസിക്കും. കണ്മുന്നിൽ വളരുന്ന മക്കളുടെ പെട്ടെന്നുള്ള മടക്കം ആർക്കും താങ്ങാവുന്നതിലുമപ്പുറമാണ്.
മുതിർന്നവരിൽ മാത്രം കണ്ടുവന്നിരുന്ന ഹൃദയസ്തംഭനം കുഞ്ഞുങ്ങളിലേക്കും പടരുന്നത് അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. പ്രവാസലോകത്തെ പ്രത്യേകമായ സാഹചര്യങ്ങൾ ഇത്തരം ആരോഗ്യപ്രശ്നങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടണം.
ജീവിതം എസി മുറികളിലും യാത്രകൾ എസി വാഹനങ്ങളിലും, ഒതുങ്ങുമ്പോൾ സ്വാഭാവികമായ ശാരീരിക അധ്വാനം നമ്മുടെ കുട്ടികൾക്ക് നഷ്ടമാകുന്നു. വൈകുന്നേരങ്ങളിൽ മാത്രം ലഭിക്കുന്ന ചുരുങ്ങിയ സമയത്തിനുള്ളിൽ കഠിനമായ കളികളിലോ കായിക പരിശീലനങ്ങളിലോ ഏർപ്പെടുമ്പോൾ പെട്ടെന്നുണ്ടാകുന്ന ആയാസം ശരീരത്തെ മോശമായി ബാധിക്കുന്നതാകാം ഇത്തരം പ്രശ്നങ്ങൾക്ക് കാരണം എന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. തിരിച്ചറിയപ്പെടാതെ പോകുന്ന ജന്മനായുള്ള ഹൃദയ വൈകല്യങ്ങളും ഇത്തരം സാഹചര്യങ്ങളിൽ അപകടകാരികളാകാറുണ്ട്.
ഭക്ഷണരീതിയിലെ മാറ്റങ്ങളും മറ്റൊരു വില്ലനാണ്. പ്രവാസ ലോകത്ത് സുലഭമായി ലഭിക്കുന്ന ഫാസ്റ്റ് ഫുഡ്ഡുകളും ഉയർന്ന കലോറിയുള്ള പാനീയങ്ങളും കുട്ടികളുടെ രക്തസമ്മർദ്ദത്തെയും കൊളസ്ട്രോളിനെയും നിശബ്ദമായി ബാധിക്കുന്നുണ്ട്. ഇതിനൊപ്പം പഠനഭാരവും മത്സരബുദ്ധിയോടെയുള്ള സാഹചര്യങ്ങളും സൃഷ്ടിക്കുന്ന മാനസിക സമ്മർദ്ദം കൗമാരക്കാരെ ശാരീരികമായി തളർത്തുന്നു.
കൃത്യമായ ഉറക്കമില്ലായ്മയും സ്ക്രീൻ ഉപയോഗവും ഇതിന്റെ ആക്കം കൂട്ടുന്നു. കുട്ടികൾക്ക് സ്നേഹത്തോടൊപ്പം തന്നെ കൃത്യമായ ആരോഗ്യപരിശോധനകളും നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. കളിക്കളത്തിലോ മറ്റോ അമിതമായ കിതപ്പ്, നെഞ്ചുവേദന, തലകറക്കം എന്നിവ കുട്ടികൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ അത് അവഗണിക്കരുത്. പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും മക്കളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മുൻഗണന നൽകുന്നതിലൂടെ മാത്രമേ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനാകൂ.
സ്കൂളുകളിലും കായിക കേന്ദ്രങ്ങളിലും അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള പ്രാഥമിക ചികിത്സാ സംവിധാനങ്ങൾ ഉറപ്പുവരുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നമ്മുടെ കുട്ടികളുടെ ആരോഗ്യ കാര്യത്തിൽ നൽകുന്ന കരുതൽ നാളെകളിലെ വലിയൊരു ശൂന്യതയെ ഇല്ലാതാക്കാൻ സഹായിക്കും.



