ജർമ്മനിയിൽ ഷെഫ് ആകാം; നോർക്ക റൂട്ട്സ് വഴി 20 ഒഴിവുകൾ, ജൂൺ 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ജർമ്മനിയിൽ ഷെഫ് തസ്തികയിലേക്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ്. വിവിധ സ്ഥാപനങ്ങളിലായി നിലവിലുള്ള 20 ഒഴിവുകളിലേക്കാണ് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2026 ജൂൺ 20 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഈ റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:

വിദ്യാഭ്യാസ യോഗ്യത
ഹോട്ടൽ മാനേജ്മെന്റ്, ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജി, കാറ്ററിംങ് ആന്റ് ഷെഫ് മേഖലയിലെ ബിരുദം (മൂന്നോ നാലോ വർഷത്തെ റെഗുലർ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയിരിക്കണം).

പ്രായപരിധിയും മറ്റ് നിബന്ധനകളും
അപേക്ഷകരുടെ പ്രായം 2026 മെയ് 31-നകം 35 വയസ്സ് കവിയാൻ പാടില്ല. നിലവിൽ ഇന്ത്യയിൽ താമസിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഈ ഘട്ടത്തിൽ അപേക്ഷിക്കാൻ അർഹതയുള്ളൂ. മുൻപ് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

ഭാഷാ യോഗ്യത
അപേക്ഷിക്കുന്ന സമയത്ത് ജർമ്മൻ ഭാഷാ യോഗ്യത നിർബന്ധമല്ല. എന്നാൽ, നിലവിൽ ജർമ്മൻ ഭാഷാ യോഗ്യത (A1, A2, B1, B2) ഉള്ളവർക്ക് തിരഞ്ഞെടുപ്പിൽ മുൻഗണന ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ 12 മാസത്തോളം നീണ്ടുനിൽക്കുന്ന, ബി-വൺ (B1) ലെവൽ വരെയുള്ള ജർമ്മൻ ഭാഷാപഠനത്തിന് തയ്യാറാകുന്നവരായിരിക്കണം.

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് വേണം അപേക്ഷിക്കാൻ. അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകളുടെ പകർപ്പുകൾ സമർപ്പിക്കേണ്ടതാണ്:

വിശദമായ ബയോഡാറ്റ

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, പാസ്പോർട്ടിന്റെ പകർപ്പ്, ഭാഷായോഗ്യത സർട്ടിഫിക്കറ്റ് (ലഭ്യമാണെങ്കിൽ മാത്രം). കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ രജിസ്ട്രേഷനുമായി നോർക്ക റൂട്ട്സിന്റെ . ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്. ജർമൻ സർക്കാറിന്റെ ഹാൻഡ് ഇൻ ഹാൻഡ് ഫോർ ഇന്റർനാഷണൽ ടാലന്റ്സ് പ്രോഗ്രമിന്റെ ഭാഗമായി ഇൻഡോ-ജർമൻ ചേംബർ ഓഫ് കൊമേഴ്‌സുമായി സഹകരിച്ചാണ് റിക്രൂട്ട്മെന്റ്.

 

 

Related Articles

- Advertisement -spot_img

Latest Articles