തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിലുണ്ടായ ദാരുണമായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ തീരുമാനിച്ചു. തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങൾ സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്. 13 പേരുടെ ജീവൻ കവർന്ന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ പൂർണ്ണമായും ഒഴിവാക്കി പൂരത്തിന്റെ ചടങ്ങുകൾ മാത്രമായിരിക്കും നടത്തുകയെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ വ്യക്തമാക്കി. അപകടത്തിൽ ദേവസ്വം ആഘോഷ കമ്മിറ്റി അംഗങ്ങളും മരണപ്പെട്ടിട്ടുണ്ട്. വെടിക്കെട്ട് സംബന്ധിച്ച അന്തിമ തീരുമാനം സർക്കാരുമായും ജില്ലാ ഭരണകൂടവുമായും ആലോചിച്ച ശേഷം കൈക്കൊള്ളുമെന്നും സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 20 വർഷത്തോളമായി തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് ജോലികളിൽ ഏർപ്പെട്ടിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. എല്ലാ കാര്യങ്ങളും നിയമാനുസൃതമായാണ് ചെയ്തിരുന്നതെന്നും പരിശോധനയിൽ നിരോധിത വസ്തുക്കളൊന്നും ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും ദേവസ്വം അറിയിച്ചു. അപകടത്തിൽ അട്ടിമറി സാധ്യതയില്ലെന്ന് പ്രാഥമികമായി വിലയിരുത്തുമ്പോഴും വിദഗ്ധ പരിശോധനകൾക്കും അന്വേഷണങ്ങൾക്കും ശേഷം മാത്രമേ അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ. നിലവിലെ സാഹചര്യത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകൾക്ക് മാത്രം പ്രാധാന്യം നൽകാനാണ് ദേവസ്വം ആലോചിക്കുന്നത്.
അപകടത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഒഴിവാക്കുന്നതിനെക്കുറിച്ച് ജില്ലാ ഭരണകൂടവുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പ്രതികരിച്ചു. ജനങ്ങളുടെ വികാരവും ആചാരങ്ങളും കണക്കിലെടുത്തുകൊണ്ട് സന്തുലിതമായ തീരുമാനമാകും ഉണ്ടാവുക. ഹൈക്കോടതിയിൽ പെറ്റീഷൻ നൽകി വിഷയത്തിൽ ഇടപെടാനുള്ള അനുവാദം സർക്കാർ തേടുമെന്നാണ് മനസ്സിലാക്കുന്നത്. സർക്കാർ എന്ത് തീരുമാനിക്കുന്നുവോ അതിനോട് ദേവസ്വം സഹകരിക്കും. തൃശൂർ പൂരത്തിനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായതിന് പിന്നാലെയുണ്ടായ ഈ ദുരന്തത്തിൽ കേരള സമൂഹം മുഴുവൻ വലിയ ദുഃഖത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ പൂരത്തിനായി തിരുവമ്പാടി വിഭാഗം വെടിക്കോപ്പുകൾ തയാറാക്കിയ കേന്ദ്രത്തിൽ ചൊവ്വാഴ്ച പകൽ 3.20 ഓടെയാണ് അപകടമുണ്ടായത്. കടുത്ത ചൂടിനെത്തുടർന്ന് ഉണക്കാനിട്ട വെടിമരുന്നിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിൽ ഇതുവരെ 13 പേരുടെ മരണം സ്ഥിരീകരിച്ചു. പരിക്കേറ്റ നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. 2006-ന് ശേഷം തൃശൂരിനെ നടുക്കുന്ന വലിയൊരു വെടിക്കെട്ട് അപകടമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.



