28.8 C
Saudi Arabia
Wednesday, April 22, 2026
spot_img

ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു; യുവാവ് അറസ്റ്റിൽ

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ കുടുംബകലഹത്തെത്തുടർന്ന് ഭർത്താവ് തീ കൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരണപ്പെട്ടു. കുന്നംകുളം സ്വദേശിനിയായ ഷഹ്ന (25) ആണ് ചൊവ്വാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് അന്ത്യശ്വാസം വലിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഷഹ്നയുടെ ഭർത്താവായ അരക്കുപറമ്പ് ഇബ്രാഹിംപടി സ്വദേശി ചേരിക്കല്ലൻ മുൻഷാദിനെ (31) പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. ഓട്ടോ ഡ്രൈവറായ മുൻഷാദിന് ഭാര്യയെ സംശയമായിരുന്നുവെന്നും ഇതേച്ചൊല്ലി നടന്ന തർക്കമാണ് ഷഹ്നയുടെ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്താൻ ഇയാളെ പ്രേരിപ്പിച്ചതെന്നും പോലീസ് വ്യക്തമാക്കി. ഏകദേശം 75 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏകദേശം അഞ്ചുമാസം മുൻപായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. മുൻഷാദിന്റെ ആദ്യ ഭാര്യ അപസ്മാരം ബാധിച്ചാണ് മുൻപ് മരിച്ചതെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. എന്നാൽ ഷഹ്നയെ കൊലപ്പെടുത്തിയ സാഹചര്യത്തിൽ, ആദ്യ ഭാര്യയുടെ മരണത്തിലും എന്തെങ്കിലും തരത്തിലുള്ള ദുരൂഹതയുണ്ടോ എന്ന് പോലീസ് വിശദമായി അന്വേഷിക്കും. ഇതുസംബന്ധിച്ച ശാസ്ത്രീയ പരിശോധനകളും നടന്നു വരികയാണ്.

പെരിന്തൽമണ്ണ സ്റ്റേഷൻ ഇൻസ്‌പെക്ടർ സുമേഷ് സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫൊറൻസിക് വിദഗ്ധരും പ്രതിയുമായി ഇബ്രാഹിംപടിയിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഷഹ്നയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

 

Related Articles

- Advertisement -spot_img

Latest Articles