ടെഹ്‌റാൻ: ഇറാനിയൻ തുറമുഖങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം ഒരു യുദ്ധ നടപടിയാണെന്നും അത് നിലവിലെ വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രസ്താവിച്ചു. സമാധാന ചർച്ചകൾക്കായി ഇസ്‌ലാമാബാദിൽ ഉന്നതതല യോഗങ്ങൾ നടക്കാനിരിക്കെ, അമേരിക്ക തുടരുന്ന ഇത്തരം പ്രകോപനപരമായ നീക്കങ്ങളെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഭീഷണികളെയും അടിച്ചമർത്തൽ തന്ത്രങ്ങളെയും എങ്ങനെ പ്രതിരോധിക്കണമെന്ന് തെഹ്‌റാന് കൃത്യമായി അറിയാമെന്നും, തങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റങ്ങളെ വെറുതെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ പാതകളിൽ അമേരിക്കൻ സൈന്യം നടത്തുന്ന ഇടപെടലുകൾ മേഖലയെ വീണ്ടും യുദ്ധഭീതിയിലേക്ക് തള്ളിവിടുകയാണെന്നാണ് ഇറാന്റെ വിലയിരുത്തൽ. ഉപരോധം പിൻവലിക്കാതെ ചർച്ചകളിൽ സഹകരിക്കുന്ന കാര്യം പ്രായോഗികമല്ലെന്ന സൂചനയാണ് വിദേശകാര്യ മന്ത്രിയുടെ വാക്കുകൾ നൽകുന്നത്.



