28.8 C
Saudi Arabia
Wednesday, April 22, 2026
spot_img

“കാക്കിയിട്ട ഗുണ്ടകൾ”; പൊലീസിനെതിരെ മുദ്രാവാക്യം വിളികളുമായി മുൻ ഡിജിപി ആർ. ശ്രീലേഖ

തിരുവനന്തപുരം: വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ബി.ജെ.പി പ്രവർത്തകർക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് മുൻ ഡിജിപിയും ബി.ജെ.പി നേതാവുമായ ആർ. ശ്രീലേഖയുടെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധം. മഴ അവഗണിച്ച് മഹിളാ മോർച്ച പ്രവർത്തകർക്കൊപ്പം വട്ടിയൂർക്കാവ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ ശ്രീലേഖ, പൊലീസിനെതിരെ അതിരൂക്ഷമായ മുദ്രാവാക്യങ്ങളാണ് ഉയർത്തിയത്. “കാക്കിക്കുള്ളിൽ സി.പി.എം എങ്കിൽ പോടാ പുല്ലേ പൊലീസേ” എന്നും “കാക്കിയിട്ട ഗുണ്ടകളേ” എന്നും വിരമിച്ച ശേഷം ആദ്യമായി തെരുവിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്ന മുൻ ഡിജിപിയെ ഏറെ കൗതുകത്തോടെയാണ് കേരളം നോക്കിക്കണ്ടത്.

നെട്ടയത്ത് കഴിഞ്ഞ ദിവസമുണ്ടായ ബി.ജെ.പി-സി.പി.എം സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബി.ജെ.പി പ്രവർത്തകരെ വട്ടിയൂർക്കാവ് എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. പോലീസ് നടപടി അങ്ങേയറ്റം ഏകപക്ഷീയമാണെന്നും അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള മർദ്ദനമുറകളാണ് പോലീസ് സ്വീകരിക്കുന്നതെന്നും നിലവിൽ ശാസ്തമംഗലം വാർഡ് കൗൺസിലർ കൂടിയായ ശ്രീലേഖ ആരോപിച്ചു. കഴിഞ്ഞ ദിവസം ഒരു ക്ഷേത്രത്തിനുള്ളിലെ പഠനമുറി ഉൾപ്പെടെ തകർത്ത് അവിടെ നിന്നാണ് ആളുകളെ പോലീസ് പിടിച്ചുകൊണ്ടുപോയതെന്നും ഇത് പൊലീസിന്റെ കാട്ടാളത്തമാണെന്നും അവർ തുറന്നടിച്ചു. തിരഞ്ഞെടുപ്പ് കാലത്തെ പൊലീസിന്റെ ഈ അധഃപതനം അംഗീകരിക്കാനാവില്ലെന്നും താൻ ഇപ്പോഴും പൊലീസിന്റെ നന്മയിൽ വിശ്വസിക്കുന്ന ആളാണെന്നും അവർ വ്യക്തമാക്കി.

കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും സിറ്റി പോലീസ് കമ്മീഷണർക്കും ശ്രീലേഖ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നടപടി വൈകുകയാണെങ്കിൽ കമ്മീഷണർ ഓഫീസിന് മുന്നിൽ നേരിട്ടെത്തി ധർണ്ണയിരിക്കുമെന്നും അവർ അറിയിച്ചു. കേരള പൊലീസിന്റെ ചരിത്രത്തിലെ ആദ്യ വനിതാ ഡിജിപിയായിരുന്ന ഒരാൾ, സർവീസിൽ നിന്ന് വിരമിച്ച ശേഷം തന്റെ പഴയ സഹപ്രവർത്തകർക്കെതിരെ തെരുവിൽ മുദ്രാവാക്യം വിളിക്കാനിടയായ സാഹചര്യം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയും പോലീസിന്റെ വഴിവിട്ട നടപടികൾക്കെതിരെ ആർ. ശ്രീലേഖ ശക്തമായ വിമർശനം ഉന്നയിച്ചിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles