റിയാദ്/കോഴിക്കോട്: സൗദി ജയിലിൽ ഇരുപത് വർഷത്തെ തടവുശിക്ഷ അനുഭവിച്ച ശേഷം കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം ഒടുവിൽ ജയിൽ മോചിതനായി നാട്ടിലേക്ക് തിരിക്കുന്നു. നിയമനടപടികളെല്ലാം പൂർത്തിയാക്കി റിയാദിൽ നിന്നും ഇന്ന് രാത്രി 11.55-ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് അദ്ദേഹം യാത്ര തിരിക്കുന്നത്. നാളെ രാവിലെ 7.35-ഓടെ അദ്ദേഹം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും. തുടർന്ന് കോടമ്പുഴയിലെ സ്വന്തം വസതിയിലേക്ക് അദ്ദേഹം മടങ്ങും.
ജയിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിമാനത്താവളത്തിലെത്തിച്ച് ഇമിഗ്രേഷൻ ഉൾപ്പെടെയുള്ള എല്ലാ ഔദ്യോഗിക നടപടികളും പൂർത്തിയാക്കിയാണ് റഹീമിനെ നാട്ടിലേക്ക് അയക്കുന്നത്. അബ്ദുൽ റഹീമിന്റെ പവർ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂരും കുടുംബവും അദ്ദേഹത്തോടൊപ്പം ഈ മടക്കയാത്രയിൽ പങ്കുചേരുന്നുണ്ടെന്ന് നിയമസഹായ സമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു.



