സൗദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 10,783 അനധികൃത താമസക്കാർ; 11,915 പേരെ നാടുകടത്തി

റിയാദ്: സൗദി അറേബ്യയിൽ നിയമലംഘകരെ കണ്ടെത്തുന്നതിനായി സുരക്ഷാ സേനയും വിവിധ സർക്കാർ ഏജൻസികളും സംയുക്തമായി നടത്തിയ പരിശോധനയിൽ ഒരാഴ്ചയ്ക്കിടെ 10,783 അനധികൃത താമസക്കാർ അറസ്റ്റിലായി. നവംബർ 12 മുതൽ 18 വരെയുള്ള കാലയളവിലാണ് ഇത്രയും പേർ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.

പിടിയിലായവരിൽ 5,718 പേർ താമസനിയമം (Residency Law) ലംഘിച്ചവരും, 2,797 പേർ അതിർത്തി സുരക്ഷാ നിയമം (Border Security Law) ലംഘിച്ചവരും, 2,268 പേർ തൊഴിൽ നിയമം (Labor Law) ലംഘിച്ചവരുമാണ്. ഇക്കാലയളവിൽ 11,915 നിയമലംഘകരെ രാജ്യത്തുനിന്ന് നാടുകടത്തി. യാത്രാരേഖകൾ ശരിയാക്കുന്നതിനായി 23,250 പേരെ അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്കും, യാത്രാ ടിക്കറ്റുകൾ പൂർത്തിയാക്കുന്നതിനായി 10,814 പേരെയും കൈമാറിയിട്ടുണ്ട്.

അനധികൃതമായി രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിച്ച 1,373 പേരും, അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 28 പേരും സുരക്ഷാ സേനയുടെ പിടിയിലായി. നിയമലംഘകർക്ക് യാത്രാ സൗകര്യവും താമസവും ജോലിയും നൽകിയ 14 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ 38,730 പുരുഷന്മാരും 2,211 സ്ത്രീകളും ഉൾപ്പെടെ ആകെ 40,941 പ്രവാസികൾ നിയമനടപടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.

അനധികൃതമായി ആളുകളെ രാജ്യത്തേക്ക് കടത്തുന്നവർക്കും, അവർക്ക് യാത്രാ സൗകര്യമോ താമസമോ മറ്റ് സഹായങ്ങളോ നൽകുന്നവർക്കും 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. കൂടാതെ, ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളും വീടുകളും കണ്ടുകെട്ടുകയും ചെയ്യും.

നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവർ 999, 996 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Related Articles

- Advertisement -spot_img

Latest Articles