സത്താർ മംഗലത്തെ അനുസ്മരിച്ച് ഹായിൽ നവോദയ

ഹായിൽ: ഹായിലിലെ ദീർഘകാല പ്രവാസിയും പ്രമുഖ സാമൂഹിക പ്രവർത്തകനുമായിരുന്ന മലപ്പുറം മംഗലം സ്വദേശി അബ്ദുസത്താർ മംഗലത്തിന്റെ നിര്യാണത്തിൽ ഹായിൽ നവോദയ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഹായിലിൽ വർഷങ്ങളായി സ്റ്റുഡിയോ നടത്തിയിരുന്ന അബ്ദുസത്താർ, പിന്നീട് ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞദിവസം യാത്രയ്ക്കിടയിൽ ദമാമിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹായിലിലെ മലയാളി കൂട്ടായ്മകളിൽ ഏറെ സുപരിചിതനും എല്ലാവരോടും സ്നേഹത്തോടെ ഇടപെട്ടിരുന്നതുമായ സത്താറിന്റെ പെട്ടെന്നുള്ള വിയോഗം പ്രവാസലോകത്തിന് വലിയ വേദനയാണ് സമ്മാനിച്ചത്. വിവിധ സാമൂഹിക പ്രവർത്തകരുടെ സജീവമായ ഇടപെടലുകളെ തുടർന്ന് മൃതദേഹം പിന്നീട് നാട്ടിലെത്തിച്ച് ഖബറടക്കി.

നവോദയ പ്രസിഡന്റ് മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ കേന്ദ്രകമ്മിറ്റി സെക്രട്ടറി ഹർഷാദ് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് സകരിയ്യ ആയഞ്ചേരി (കെ.എം.സി.സി), മുനീർ സഖാഫി (ഐ.സി.എഫ്), രജീഷ് ഇരിട്ടി (ഡ്രൈവേഴ്സ് കൂട്ടായ്മ), മുഹമ്മദ് രാഖി (അസ്റാർ ഗ്രൂപ്പ്), ഷാജി താമരശേരി (മലയാളി കൂട്ടായ്മ), ഹബീബ് ഹോസ്പിറ്റൽ എം.ഡി നിസാം പറക്കോട് എന്നിവർ പങ്കെടുത്തു സംസാരിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ചടങ്ങുകൾക്ക് ഒടുവിൽ പ്രശാന്ത് നവോദയ നന്ദി പ്രകാശനം നിർവഹിച്ചു.

റിപ്പോർട്ട്: അഫ്‌സൽ കായംകുളം

Related Articles

- Advertisement -spot_img

Latest Articles