ദമ്മാം: മലയാള ഭാഷയേയും സാഹിത്യത്തെയും സാധാരണക്കാരന്റെ ജീവിതത്തോട് ചേർത്തുനിർത്തിയ മലയാള സാഹിത്യ തറവാട്ടിലെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ ദിനത്തിൽ സൗദി മലയാളീ സമാജം ദമ്മാം ചാപ്റ്റർ ഉചിതമായ രീതിയിൽ അനുസ്മരണം സംഘടിപ്പിച്ചു. ബഷീറിന്റെ ഓർമ്മദിനമായ ജൂലൈ അഞ്ചിന് ദമ്മാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം സാംസ്‌കാരിക സാഹിത്യ രംഗത്തെ പ്രമുഖ വ്യക്തിത്വം പ്രദീപ് കൊട്ടിയം ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും പ്രഭാഷകനും അധ്യാപകനുമായ മുസ്തഫ മുക്കൂട് അനുസ്മരണ പ്രഭാഷണം നടത്തി.
മലയാള സാഹിത്യത്തിലെ ഏറ്റവും ജനപ്രിയരായ എഴുത്തുകാരിൽ ഒരാളായ ബഷീർ കാലത്തിന് മായ്ക്കാൻ കഴിയാത്ത അനവധി കഥയും കഥാപാത്രങ്ങളുമാണ് മലയാളത്തിന് സമ്മാനിച്ചതെന്ന് അദ്ദേഹം അനുസ്മരിച്ചു. സാധാരണ മനുഷ്യരുടെ ജീവിതവും, പ്രണയവും, നർമ്മവും, വേദനയും അതീവ ലളിതമായ ഭാഷയിൽ അവതരിപ്പിച്ച ബഷീറിയൻ സാഹിത്യത്തിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ ലളിതമായ ഭാഷയായിരുന്നു. കടിച്ചാൽ പൊട്ടാത്ത വാക്കുകളോ വലിയ അലങ്കാരങ്ങളോ അദ്ദേഹത്തിന്റെ എഴുത്തിലുണ്ടായിരുന്നില്ല. പകരം മനുഷ്യരുടെ നിത്യജീവിതത്തിൽ സംസാരിക്കുന്ന നാടൻഭാഷയാൽ അദ്ദേഹം സാഹിത്യത്തെ ആകർഷകവും ജനകീയവുമാക്കി.
വ്യാകരണത്തിന്റെ അതിർവരമ്പുകളില്ലാത്ത, ഒരു ജനതയുടെ പച്ചയായ ജീവിതഭാഷ ലോകത്തിന് കാട്ടിക്കൊടുത്ത വിശ്വസാഹിത്യകാരനായിരുന്നു അദ്ദേഹം. ചിരിപ്പിച്ചു കൊണ്ട് ചിന്തിപ്പിക്കുകയും, ചിന്തയുടെ മുനമ്പിൽ നിർത്തി കരയിപ്പിക്കുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ മാന്ത്രിക ശൈലി. ഇമ്മിണി ബല്യ ഒന്നും, വിശ്വവിഖ്യാതമായ മൂക്കും, പാത്തുമ്മയുടെ ആടും, ബാല്യകാലസഖിയും, പ്രേമലേഖനവും, സ്ഥലത്തെ പ്രധാന ദിവ്യനുമെല്ലാം മലയാളിക്ക് സമ്മാനിച്ചത് വ്യത്യസ്തമായ ഒരു വായനാനുഭവം തന്നെയായിരുന്നു. ശക്തമായ ആക്ഷേപഹാസ്യവും ചിലപ്പോള്‍ രൂക്ഷപരിഹാസം തന്നെയും വരികള്‍ക്കിടയില്‍ ഒളിപ്പിച്ചുവച്ച് വായനക്കാരെ ആഴത്തിലുള്ള ചിന്തകളിലേക്ക് ഉയര്‍ത്തിക്കൊണ്ടുപോവുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്.
ഒരു സ്വാതന്ത്ര്യസമര സേനാനിയും മാനവികതാവാദിയുമായ ഈ പ്രിയകഥാകാരന്‍ മലയാളസാഹിത്യത്തില്‍ വേറിട്ടൊരു സ്ഥാനം തന്നെയായിരുന്നു അലങ്കരിച്ചിരുന്നത്. മനുഷ്യ കേന്ദ്രീകൃതമായ ചിന്തകൾക്കപ്പുറം, പ്രകൃതിയെയും അതിലെ എല്ലാ ജീവജാലങ്ങളെയും സ്നേഹിക്കാൻ ബഷീർ നമ്മെ പഠിപ്പിച്ചു. മനുഷ്യർക്ക് മാത്രമല്ല, ഈ ഭൂമിയിലെ ചെടികൾക്കും മരങ്ങൾക്കും പക്ഷികൾക്കും മൃഗങ്ങൾക്കുമെല്ലാം ഇവിടെ ജീവിക്കാൻ തുല്യ അവകാശമുണ്ടെന്ന് അദ്ദേഹം തന്റെ രചനകളിലൂടെ ഉറക്കെപ്പറഞ്ഞു.
മനുഷ്യൻ ഉള്ളിടത്തോളം കാലം പ്രസക്തമായ വരികളും വാക്കുകളും കൊണ്ട്, കഥകൾ പറഞ്ഞു പറഞ്ഞു കഥയായി മാറിയ കഥകളുടെ സുൽത്താന്റെ ഓർമ്മകൾക്ക് മുന്നിൽ യോഗം പ്രണാമമർപ്പിച്ചു. പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ മാലിക് മഖ്ബൂൽ, സാജിദ് ആറാട്ടുപുഴ, ഡോക്ടർ മനീഷ് അഹമ്മദ്, ഷിജു കലയപുരം, ഷനീബ് അബൂബക്കർ, ഡോക്ടർ ഇമ്തിയാസ്, മുനീറ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു. സോഫിയ ഷാജഹാൻ, മാത്തുക്കുട്ടി പള്ളിപ്പാട്, സയ്ദ് ഹമദാനി, സജിത്ത് രാമകൃഷ്ണൻ, സലിം പുതിയവീട്ടിൽ, ബിജു പൂതക്കുളം തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.
മലയാളി സമാജം ഭാരവാഹികളായ ജേക്കബ് ഉതുപ്പ്, മുരളീധരൻ, ആസിഫ് താനൂർ, ബിനു പുരുഷോത്തമൻ, ലീനാ ഉണ്ണിക്കൃഷ്ണൻ, ഹുസ്ന ആസിഫ്, വിനോദ് കുഞ്ഞ്, സരള ജേക്കബ്, ഉണ്ണികൃഷ്ണൻ, നിഖിൽ മുരളീധരൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഹുസൈൻ ചമ്പോളിൽ അധ്യക്ഷനായിരുന്നു. ചടങ്ങിൽ ബിനു കുഞ്ഞ്, സ്വാഗതവും ഡോക്ടർ സിന്ധു ബിനു നന്ദിയും പറഞ്ഞു.



