ബഹ്റൈനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

മനാമ/ടെഹ്റാൻ: തെക്കൻ ഇറാനിലെ പ്രവിശ്യകളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങൾക്ക് മറുപടിയായി ബഹ്റൈനിലെ ‘ഷെയ്ഖ് ഈസ’ സൈനിക താവളത്തിലുള്ള യുഎസ് സേനയ്ക്ക് നേരെ ശക്തമായ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ സൈന്യം പ്രഖ്യാപിച്ചു. അമേരിക്കയുമായി മുൻപ് ഉണ്ടാക്കിയ വെടിനിർത്തൽ ധാരണകൾ ലംഘിച്ചുകൊണ്ട് യുഎസ് നടത്തിയ ആക്രമണങ്ങളുടെ പ്രത്യാഘാതമാണിതെന്നും മേഖലയിലെ എല്ലാ അമേരിക്കൻ സൈനിക താവളങ്ങളും തങ്ങളുടെ മിലിട്ടറി ഡ്രോണുകളുടെ കൃത്യമായ ലക്ഷ്യസ്ഥാനങ്ങളായിരിക്കുമെന്നും ഇറാൻ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. ഇറാൻ ആക്രമണത്തെ തുടർന്ന് ബഹ്റൈനിൽ ഇന്ന് രാവിലെ രണ്ടാമതും വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്ന സൈറണുകൾ മുഴങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ പ്രസ്താവന പുറത്തുവന്നത്.

അതേസമയം, ഇറാന്റെ തെക്കൻ തീരപ്രദേശങ്ങളായ ഹോർമോസ്ഗാൻ, മഹ്ഷഹർ എന്നിവിടങ്ങളിൽ അമേരിക്കൻ സൈന്യം നടത്തിയ ആക്രമണങ്ങൾക്കുള്ള ആദ്യഘട്ട തിരിച്ചടിയെന്നോണം ബഹ്റൈനിലും കുവൈറ്റിലുമുള്ള 85 യുഎസ് താവളങ്ങളെ ലക്ഷ്യമിട്ട് മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചിട്ടുണ്ട്. ബഹ്റൈനിലെ ഫിഫ്ത് ഫ്ലീറ്റ് (അഞ്ചാം നാവിക വ്യൂഹം) ആസ്ഥാനം, സൽമാൻ പോർട്ട്, കുവൈറ്റിലെ അലി അൽ സലേം എയർബേസ് എന്നിവയുൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നതെന്നും, കൂടാതെ ഇതിനിടയിൽ യുഎസിന്റെ പ്രമുഖ എംക്യു-9 (MQ-9) ഡ്രോൺ വെടിവെച്ചിട്ടതായും ഐആർജിസി അവകാശപ്പെട്ടു. ഇതോടെ പശ്ചിമേഷ്യയിൽ ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന താൽക്കാലിക വെടിനിർത്തൽ കരാർ പൂർണ്ണമായും തകരുകയും മേഖല വീണ്ടും യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുകയുമാണ്.

 

Related Articles

- Advertisement -spot_img

Latest Articles