മലപ്പുറം: അരീക്കോട് ഊർങ്ങാട്ടിരിയിലെ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് മൂന്നുവയസ്സുകാരൻ മരിച്ചു. അരീക്കോട് പൂവത്തിക്കൽ സ്വദേശി ആസിഫിന്റെ മകൻ ഇവാൻ ആസിഫ് ആണ് ദാരുണമായി മരിച്ചത്. കുടുംബത്തോടൊപ്പം ഊർങ്ങാട്ടിരി പഞ്ചായത്തിലെ കോന്നൂർകണ്ടിയിലുള്ള കൊക്കൊ വില്ല റിസോർട്ടിൽ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസമാണ് കുടുംബം റിസോർട്ടിൽ എത്തിയത്. ഇന്ന് മടങ്ങാനിരിക്കെയാണ് കുട്ടി സ്വിമ്മിങ് പൂളിൽ വീണത്.
ഞായറാഴ്ച നടന്ന സംഭവത്തിന് പിന്നാലെ കുട്ടിയെ ഉടൻ തന്നെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



