കർണാടകത്തിൽ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ ബസ് പാസ്; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ബെംഗളൂരു: കർണാടകത്തിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ ബസ് പാസ് അനുവദിക്കാൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുൻപ് സൗജന്യ ബസ് പാസ് സൗകര്യം വിദ്യാർത്ഥിനികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയത് വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നുവെന്നും, ഇതിനാലാണ് വിവേചനമില്ലാതെ എല്ലാ വിദ്യാർത്ഥികൾക്കും യാത്ര സൗജന്യമാക്കാൻ തീരുമാനിച്ചതെന്നും ഡി.കെ. ശിവകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇത് യുവത്വത്തിന്റെ കാലഘട്ടമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, യാതൊരു നിരക്കും ഈടാക്കാതെയായിരിക്കും ഈ പാസുകൾ നൽകുകയെന്നും ഇതിനായി വിദ്യാർത്ഥികൾ പ്രത്യേകം അപേക്ഷിക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ ഗതാഗത വകുപ്പുമായി ചർച്ച ചെയ്ത് വേഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ യുവാക്കൾക്കായി മറ്റ് ചില പ്രധാന തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ടെന്ന് ശിവകുമാർ പറഞ്ഞു. നാടിലെ ജനങ്ങൾ തന്നിൽ വലിയ വിശ്വാസമാണ് അർപ്പിച്ചിരിക്കുന്നതെന്നും രാഷ്ട്രീയമായ വലിയ അനുഭവസമ്പത്തിന്റെ പശ്ചാത്തലമുള്ള താൻ ചെറുപ്പത്തിൽത്തന്നെ അധികാരവും കഷ്ടപ്പാടുകളും സന്തോഷങ്ങളുമെല്ലാം കണ്ടിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തന്റെ പൂർണ്ണ വിശ്വാസം ജനങ്ങളിലാണെന്നും, അതിനാൽ തൊഴിൽ അന്വേഷിക്കുന്നവർ സർക്കാരിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രജിസ്റ്റർ ചെയ്യുന്നവർക്ക് വിവിധ കമ്പനികളുമായി സംസാരിച്ച് ജോലി നൽകുന്നതിനായി സർക്കാർ പ്രത്യേക ക്രമീകരണങ്ങൾ ചെയ്യുമെന്നും ഡി.കെ. ശിവകുമാർ കൂട്ടിച്ചേർത്തു.

അതേസമയം, കർണാടക കോൺഗ്രസിൽ ഏറെ നാളായി നിലനിന്നിരുന്ന തർക്കങ്ങൾക്കൊടുവിൽ ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി ചുമതലയേറ്റതോടെ, ഒഴിഞ്ഞുകിടന്ന പി.സി.സി പ്രസിഡന്റ് പദവിയിലേക്ക് ബി.കെ. ഹരിപ്രസാദിനെ കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ചു. എ.ഐ.സി.സി സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കർണാടക മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറും ഒപ്പം 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കകമാണ് പാർട്ടി നേതൃത്വത്തിലേക്ക് പുതിയ നിയമനം നടന്നത്.

 

Related Articles

- Advertisement -spot_img

Latest Articles