“മിസൈലുകളും ഡ്രോണുകളും നിരവധിയാണ്”; വ്യോമാക്രമണം കൊണ്ട് ഇറാന്റെ സൈനിക ശേഷി തകർക്കാനാകില്ലെന്ന് യുഎസ് മുൻ നയതന്ത്രജ്ഞൻ

വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാന് മേൽ അമേരിക്ക തുടർച്ചയായി നടത്തുന്ന വ്യോമാക്രമണങ്ങൾ കൊണ്ട് ഹോർമോസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസ്സപ്പെടുത്താനുള്ള അവരുടെ ശേഷിയെ ‘മതിയായ രീതിയിൽ ഇല്ലാതാക്കാൻ’ യുഎസിന് കഴിയില്ലെന്ന് പ്രമുഖ നയതന്ത്ര വിദഗ്ദ്ധൻ അലൻ ഐർ. മിഡിൽ ഈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിശിഷ്ട ഡിപ്ലോമാറ്റിക് ഫെലോയും 2015-ലെ ചരിത്രപരമായ ഇറാൻ ആണവ കരാർ ചർച്ച ചെയ്ത യുഎസ് സംഘത്തിലെ അംഗവുമായിരുന്നു അലൻ ഐർ. ഹോർമോസ് കടലിടുക്കിന് മേലുള്ള തങ്ങളുടെ നിയന്ത്രണത്തെ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പ്രതിരോധ മാർഗ്ഗമായാണ് ഇറാൻ കാണുന്നത്. അതുകൊണ്ടുതന്നെ അതിൽ നിന്നൊരു പിന്മാറ്റത്തിന് ഇറാൻ ഒട്ടും സന്നദ്ധമല്ല. എന്നാൽ ഈ യാഥാർത്ഥ്യം അംഗീകരിക്കാൻ അമേരിക്കയും ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ആണവ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് മുൻപ് ആദ്യം പരിഹരിക്കേണ്ട പ്രധാന തടസ്സം ഹോർമോസ് കടലിടുക്കിലെ ഈ തർക്കമാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതിലൊരു പരിഹാരം ഉണ്ടാകുമെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൈനികമായ മേധാവിത്വം ഉള്ളതുകൊണ്ട് തന്നെ അമേരിക്ക തങ്ങൾക്ക് ഏറ്റവും നന്നായി അറിയാവുന്ന കാര്യം ചെയ്യുകയാണ്; അതായത് ഇറാനെ സൈനികമായി ആക്രമിക്കുക. എന്നാൽ നിർഭാഗ്യകരമായ യാഥാർത്ഥ്യം എന്തെന്നാൽ, ഇറാന്റെ തീരദേശ മേഖലകളിൽ നമ്മൾ എത്രയൊക്കെ ബോംബാക്രമണം നടത്തിയാലും, ഈ കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഭീഷണി ഉയർത്താനുള്ള ഇറാന്റെ ശേഷിയെ പൂർണ്ണമായി ഇല്ലാതാക്കാൻ നമുക്ക് സാധിക്കില്ല. അതിന് കാരണം ഇറാന്റെ പക്കൽ ധാരാളം മിസൈലുകളും ഡ്രോണുകളും വാണിജ്യ കപ്പലുകളെ ആക്രമിക്കാൻ ശേഷിയുള്ള നിരവധി ചെറിയ യുദ്ധക്കപ്പലുകളും ഉണ്ട് എന്നതാണ്. അതുകൊണ്ട് തന്നെ കേവലം വ്യോമാക്രമണങ്ങൾ കൊണ്ട് ഇറാന്റെ ഈ പ്രതിരോധ ശേഷിയെ തളർത്താനാകില്ലെന്നും അലൻ ഐർ മുന്നറിയിപ്പ് നൽകുന്നു.

 

Related Articles

- Advertisement -spot_img

Latest Articles