തിരുവനന്തപുരം/പാറശ്ശാല: പാറശ്ശാലയിൽ ലോ കോളേജ് വിദ്യാർഥിനിയെ പട്ടാപ്പകൽ റോഡിൽവെച്ച് കടന്നുപിടിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പോലീസിന്റെ പിടിയിലായി. ബൈക്ക് ഓടിച്ചിരുന്ന കുരുന്തൻകോട് സ്വദേശി ഭാരതി ബാബു (25), വിദ്യാർഥിനിയെ അക്രമിക്കാൻ തുനിഞ്ഞ 17 വയസ്സുകാരൻ എന്നിവരെയാണ് കളിയിക്കാവിള പോലീസ് അതിവേഗം അറസ്റ്റ് ചെയ്തത്. പിടികൂടിയ പ്രതികളെ കുഴിത്തുറ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചെറുവാരക്കോണം സി.എസ്.ഐ. ലോ കോളേജിലെ അവസാന വർഷ വിദ്യാർഥിനിക്കാണ് പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ റോഡിൽ വെച്ച് അതിക്രമം നേരിടേണ്ടി വന്നത്.
പരീക്ഷയ്ക്ക് ശേഷം സഹപാഠികൾക്കൊപ്പം ഉച്ചഭക്ഷണം കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർഥിനി. ചെറുവാരക്കോണം ആർ.പി.എസ്. ട്രേഡേഴ്സിന് സമീപം വെച്ച് ഇരുചക്രവാഹനത്തിലെത്തിയ രണ്ടംഗസംഘം വിദ്യാർഥിനിയെ കടന്നുപിടിച്ച ശേഷം അതിവേഗത്തിൽ ബൈക്കോടിച്ച് രക്ഷപ്പെടുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിന്റെ ആഘാതത്തിൽ നിന്നും മുക്തയായ വിദ്യാർഥിനി ഉടൻ തന്നെ പാറശ്ശാല പോലീസിനെ സമീപിച്ചു. എന്നാൽ സംഭവം നടന്ന സ്ഥലം തമിഴ്നാട് അതിർത്തിയുടെ പരിധിയിലായതിനാൽ കളിയിക്കാവിള പോലീസിൽ പരാതിപ്പെടാൻ പാറശ്ശാല പോലീസ് നിർദേശിക്കുകയായിരുന്നു. തുടർന്ന് കളിയിക്കാവിള പോലീസ് അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്യുകയും, പ്രദേശത്തെ സിസിടിവി (CCTV) ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിൽ പ്രതികളെ മണിക്കൂറുകൾക്കകം വലയിലാക്കുകയുമായിരുന്നു.



