റിയാദ്: കിങ് സൗദ് യൂണിവേഴ്സിറ്റിയെയും ചരിത്രപ്രസിദ്ധമായ ദിരിയ ഗേറ്റ് വികസന പദ്ധതിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന റിയാദ് മെട്രോ റെഡ് ലൈൻ വിപുലീകരണ പദ്ധതിയുടെ തുരങ്ക നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടാനൊരുങ്ങി അധികൃതർ. ഇതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത അത്യാധുനിക ടണൽ ബോറിങ് മെഷീന്റെ നിർമ്മാണവും ഫാക്ടറി അക്സപ്റ്റൻസ് ടെസ്റ്റിങ്ങും വിജയകരമായി പൂർത്തിയായി. തലസ്ഥാന നഗരിയിലെ പൊതുഗതാഗത ശൃംഖല വികസിപ്പിക്കുന്നതിനും പ്രധാന കേന്ദ്രങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ സുഗമമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഭൂഗർഭ പാതയുടെ ഖനന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി ഈ യന്ത്രം ഉടൻ തന്നെ റിയാദിൽ എത്തിക്കുമെന്ന് റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി അറിയിച്ചു.
എർത്ത് പ്രഷർ ബാലൻസ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഈ ഭീമൻ യന്ത്രത്തിന് 11.16 മീറ്റർ വ്യാസമുള്ള കട്ടർഹെഡും 105 മീറ്റർ നീളവുമുണ്ട്. വ്യത്യസ്തവും സങ്കീർണ്ണവുമായ ഭൂഗർഭ പാളികളിലൂടെയും പാറക്കെട്ടുകളിലൂടെയും അതീവ സുരക്ഷിതമായും കൃത്യതയോടെയും തുരങ്കം നിർമ്മിക്കാൻ സഹായിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യകളാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. പുതിയ വിപുലീകരണ പദ്ധതിയിലൂടെ റിയാദ് മെട്രോ ശൃംഖലയിലേക്ക് ഏകദേശം 8.4 കിലോമീറ്റർ പാത കൂടി കൂട്ടിച്ചേർക്കപ്പെടും. ഇതിൽ 7.1 കിലോമീറ്റർ ദൂരം ആഴത്തിലുള്ള ഭൂഗർഭ തുരങ്കങ്ങളും 1.3 കിലോമീറ്റർ ദൂരം എലിവേറ്റഡ് (ഉയർത്തിയ) ട്രാക്കുകളുമായിരിക്കും.
കൂടുതൽ യാത്രക്കാരുള്ള പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് അഞ്ച് പുതിയ സ്റ്റേഷനുകളാണ് ഈ പാതയിൽ നിർമ്മിക്കുന്നത്. ഇതിൽ രണ്ട് സ്റ്റേഷനുകൾ കിങ് സൗദ് യൂണിവേഴ്സിറ്റി പരിധിയിലാണ് വരുന്നത്; ഒന്ന് മെഡിക്കൽ സിറ്റിക്കും ഹെൽത്ത് കോളേജുകൾക്കും വേണ്ടിയും മറ്റൊന്ന് യൂണിവേഴ്സിറ്റിയുടെ പ്രധാന കാമ്പസിന് വേണ്ടിയുമാണ്. ബാക്കി മൂന്ന് സ്റ്റേഷനുകൾ ദിരിയയിലാണ് നിർമ്മിക്കുക. ഇതിലൊന്ന് ഭാവിയിൽ വരാനിരിക്കുന്ന ലൈൻ 7-മായി ബന്ധിപ്പിക്കുന്ന ഇന്റർചേഞ്ച് സ്റ്റേഷനായിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് റിയാദിലെ മെട്രോ ശൃംഖലയുടെ സംയോജനത്തെ കൂടുതൽ ശക്തമാക്കും.



