കരൂർ: തമിഴ്‌നാടിനെ നടുക്കിയ കരൂർ ദുരന്തത്തിന് ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ മുഖ്യമന്ത്രി വിജയ്, അന്നത്തെ സംഭവങ്ങളിൽ പൊലീസിനും ഡി.എം.കെക്കുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തി. 2025 സെപ്റ്റംബറിൽ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവം തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ നിമിഷമാണെന്ന് അദ്ദേഹം അനുസ്മരിച്ചു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തീരുമാനം നടപ്പിലാക്കുന്നതിനിടെയാണ് കരൂരിൽ വെച്ച് മുഖ്യമന്ത്രി ഈ നിർണ്ണായക പ്രസ്താവനകൾ നടത്തിയത്.
അന്നത്തെ റാലിയിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസ് കടുത്ത വീഴ്ചയാണ് വരുത്തിയതെന്ന് വിജയ് കുറ്റപ്പെടുത്തി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടിരുന്നെങ്കിൽ പൊലീസിന് ആ റാലി ഉടനടി റദ്ദാക്കാമായിരുന്നുവെന്നും അതിനുള്ള പൂർണ്ണമായ അധികാരം അവർക്കുണ്ടായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ, കൃത്യമായ സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നതിന് പകരം തന്നെ വേദിയിലേക്ക് നയിക്കുകയാണ് പൊലീസ് ചെയ്തത്. താൻ പൊലീസിനെ പൂർണ്ണമായി വിശ്വസിക്കുകയും അവർക്ക് പരസ്യമായി നന്ദി പറയുകയും ചെയ്തിരുന്നു. എന്നാൽ ആ വിശ്വാസത്തെ വഞ്ചിച്ച്, ദുരന്തത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം തന്റെ മേൽ കെട്ടിവെക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
അന്നത്തെ ഡി.എം.കെ സർക്കാരിനെതിരെയും കടുത്ത രാഷ്ട്രീയ വിമർശനങ്ങളാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. താൻ ദുരന്തത്തിന്റെ വലിയ ആഘാതത്തിലും വേദനയിലും കഴിഞ്ഞിരുന്ന സമയത്ത്, താൻ ഒളിവിലാണെന്ന് വരുത്തിതീർത്ത് പരിഹസിക്കാനും നിയമസഭയിൽ ഇതിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാനുമാണ് ഡി.എം.കെ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ജനപ്രീതിയെയും ജനങ്ങളുടെ മുന്നേറ്റത്തെയും തകർക്കാൻ വേണ്ടി കരുതിക്കൂട്ടി ചെയ്ത ഒരു രാഷ്ട്രീയ ഗൂഢാലോചനയാണ് ഈ ദുരന്തത്തിന് പിന്നിലെന്നും വിജയ് ആരോപിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളോട് ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി, അവർക്ക് അർഹമായ എല്ലാ സർക്കാർ സഹായങ്ങളും ഉറപ്പാക്കുമെന്നും പ്രഖ്യാപിച്ചു. ഇതിനൊപ്പം തന്നെ, അന്ന് ദാരുണമായി ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മയ്ക്കായി തമിഴക വെട്രി കഴകത്തിന്റെ നേതൃത്വത്തിൽ ഒരു പ്രത്യേക സ്മാരകം നിർമ്മിക്കുമെന്നും മുഖ്യമന്ത്രി വിജയ് കൂട്ടിച്ചേർത്തു.



