ലഖ്നൗ: അയോധ്യയിലെ ചരിത്രപ്രസിദ്ധമായ രാമക്ഷേത്രത്തിലെ ഭണ്ഡാരങ്ങളിൽ നിന്ന് മോഷ്ടിച്ച വൻ തുക പ്രതികൾ ഓഹരിവിപണിയിലും മറ്റ് നിക്ഷേപ മാർഗങ്ങളിലുമായി വിനിയോഗിച്ചതായി ഞെട്ടിക്കുന്ന കണ്ടെത്തൽ. മോഷ്ടിച്ച പണം അതിവേഗത്തിൽ മറച്ചുവെക്കുന്നതിനും ഒപ്പം വൻ ലാഭമുണ്ടാക്കുന്നതിനുമാണ് പ്രതികൾ ഇത്തരത്തിൽ ഓഹരി വിപണിയെ ആശ്രയിച്ചതെന്ന് ഉത്തർപ്രദേശ് പൊലിസിന്റെ പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി. പ്രതികളുടെ വീടുകളിൽ നടത്തിയ അതീവ രഹസ്യമായ റെയ്ഡിൽ ബ്രോക്കറേജ് അക്കൗണ്ടുകൾ, ട്രേഡിങ് സ്റ്റേറ്റ്മെന്റുകൾ, വിവിധ നിക്ഷേപരേഖകൾ, ഡിജിറ്റൽ പേയ്മെന്റ് വിവരങ്ങൾ എന്നിവ അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്.
സ്വന്തം അക്കൗണ്ടുകൾക്ക് പുറമേ മോഷണപ്പണം ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും പ്രതികൾ മാറ്റിയതായി കണ്ടെത്തി. വരുമാനത്തിൽ കവിഞ്ഞ വലിയ തുകയുടെ ഇടപാടുകൾ കണ്ടെത്തിയ 30 ബാങ്ക് അക്കൗണ്ടുകൾ പൊലിസ് നിലവിൽ മരവിപ്പിച്ചിരിക്കുകയാണ്. ഇതിനുപുറമെ, തട്ടിപ്പിനായി ഉപയോഗിച്ച വ്യാജ സംഭാവന രസീതുകളും അന്വേഷണസംഘം കണ്ടെടുത്തു. എസ്.ഐ.ടി സമർപ്പിച്ച നിർണ്ണായകമായ ഇടക്കാല റിപ്പോർട്ട് ക്ഷേത്ര ഭരണത്തിലെ ഗുരുതരമായ സുരക്ഷാവീഴ്ചകളും ആസൂത്രിത ക്രമക്കേടുകളുമാണ് ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ തട്ടിപ്പിന്റെ യഥാർത്ഥ വ്യാപ്തിയും ഇതിൽ ക്ഷേത്രത്തിലെ ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ചുമുള്ള വിവരങ്ങൾ റിപ്പോർട്ടിൽ കൃത്യമായി ഉൾപ്പെടുത്തിയിട്ടില്ലെന്ന കടുത്ത ആക്ഷേപവും ഇപ്പോൾ ഉയരുന്നുണ്ട്.
കൺട്രോൾ റൂമിലെ സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതിൽ നിന്ന് ഏപ്രിൽ 27 മുതൽ ജൂൺ 5 വരെയുള്ള വെറും 40 ദിവസത്തിനിടെ ജീവനക്കാർ 70 തവണയാണ് ഭണ്ഡാരത്തിൽ നിന്ന് പണം കവർന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവിടുത്തെ സി.സി.ടി.വി ദൃശ്യങ്ങൾ നിശ്ചിത ദിവസങ്ങൾക്കുശേഷം സ്വമേധയാ മാഞ്ഞുപോകുന്നസംവിധാനമായതിനാൽ, അതിന് മുൻപ് നടന്നിട്ടുള്ള മോഷണങ്ങൾ ദൃശ്യങ്ങളിലൂടെ സ്ഥിരീകരിക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. എങ്കിലും പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ഇതിനുമുമ്പും വലിയ തോതിൽ മോഷണം നടന്നിട്ടുണ്ടാകാമെന്നാണ് സൂചന. അതുകൊണ്ടുതന്നെ ക്ഷേത്രത്തിന് ആകെ എത്ര കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കൃത്യമായി കണക്കാക്കാൻ ഇതുവരെ അധികൃതർക്കായിട്ടില്ല.
ഭക്തർ സമർപ്പിക്കുന്ന കാണിക്കപ്പണം എണ്ണുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുംക്ഷേത്ര ട്രസ്റ്റും തമ്മിൽ നിലവിലുണ്ടായിരുന്ന കർശനമായ സുരക്ഷാ ചട്ടങ്ങൾ കാറ്റിൽപ്പറത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. കൗണ്ടിങ് റൂമിൽ പ്രവേശിക്കുന്ന ജീവനക്കാരെ കൃത്യമായി പരിശോധിക്കുക, അവർക്ക് പോക്കറ്റുകളില്ലാത്ത പ്രത്യേക യൂണിഫോം ധരിപ്പിക്കുക, ബയോമെട്രിക് പഞ്ചിങ് നടപ്പാക്കുക തുടങ്ങിയ പ്രധാന വ്യവസ്ഥകളെല്ലാം പൂർണ്ണമായി ലംഘിക്കപ്പെട്ടു. 2024 സെപ്റ്റംബറിൽ നിർബന്ധമാക്കിയിരുന്ന ജീവനക്കാരുടെ കടുത്ത ശരീരപരിശോധന, പിന്നീട് 2025 ഫെബ്രുവരിയിൽ ‘വല്ലപ്പോഴുമുള്ള പരിശോധന’ എന്ന നിലയിലേക്ക് മാറ്റിയതും കടുത്ത സംശയങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. സുരക്ഷാ വിദഗ്ധരുടെ യാതൊരുവിധ അനുമതിയും കൂടാതെ ഈ ചട്ടങ്ങളിൽ മാറ്റം വരുത്തിയത് ആരുടെ നിർദേശപ്രകാരമാണെന്ന് കണ്ടെത്താൻ സമഗ്രമായ അന്വേഷണം വേണമെന്ന് എസ്.ഐ.ടി തങ്ങളുടെ റിപ്പോർട്ടിൽ ശക്തമായി ശുപാർശ ചെയ്തു



