കേരള ചരിത്രത്തിൽ ആദ്യം; കാപ്പ കേസ് പ്രതിയായ ബി.ജെ.പി കൗൺസിലർ വിയ്യൂർ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു

കൊച്ചി/തൃശ്ശൂർ: കേരളത്തിന്റെ നയതന്ത്ര-രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത സംഭവത്തിന് വിയ്യൂർ സെൻട്രൽ ജയിൽ സാക്ഷ്യം വഹിച്ചു. കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ജയിലിനുള്ളിൽ വെച്ച് വീണ്ടും കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിയോടെ വിയ്യൂർ ജയിൽ സൂപ്പർണ്ടിന്റെ ഔദ്യോഗിക മുറിയിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലിനുള്ളിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ് സുഗതന് സത്യവാചകം ചൊല്ലിക്കൊടുത്തു. നേരത്തെ തിരുവനന്തപുരം നഗരസഭയിൽ നടന്ന സത്യപ്രതിജ്ഞ നിയമപരമായി നിലനിൽക്കില്ലെന്ന് കണ്ട് കോടതി റദ്ദാക്കിയ 20 കൗൺസിലർമാരുടെ പട്ടികയിൽ സുഗതനും ഉൾപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ഇദ്ദേഹത്തിന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്. മറ്റു കൗൺസിലർമാർ നേരത്തെ തന്നെ ചടങ്ങ് പൂർത്തിയാക്കിയെങ്കിലും സുഗതൻ ജയിലിലായതിനാൽ അതിന് സാധിച്ചിരുന്നില്ല.

തുടർന്ന്, സത്യപ്രതിജ്ഞയ്ക്കായി തനിക്ക് ഒരു ദിവസത്തെ താൽക്കാലിക മോചനം അനുവദിക്കാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുഗതൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജി പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ജയിലിനുള്ളിൽ വെച്ച് സത്യപ്രതിജ്ഞ നടത്താൻ ചരിത്രപരമായ ഉത്തരവിട്ടത്. കേവലം സാങ്കേതികമായ നടപടിക്രമങ്ങളിലെ പിഴവുമൂലം ജനവിധി അട്ടിമറിക്കപ്പെടാൻ പാടില്ലെന്നും, ജനാധിപത്യപരമായ കീഴ്‌വഴക്കങ്ങൾ കർശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുക മാത്രമാണ് കോടതിയുടെ ലക്ഷ്യമെന്നും ഹർജി അനുവദിച്ചുകൊണ്ട് ജസ്റ്റിസ് നിരീക്ഷിച്ചു. വാദത്തിനിടെ, സുഗതനെ ജയിലിൽ നിന്ന് പുറത്തുവിടാൻ കഴിയില്ലെന്ന് പ്രൊസിക്യൂഷൻ ഡയറക്ടർ ജനറൽ വ്യക്തമാക്കിയെങ്കിലും, കോടതി നിർദേശിക്കുകയാണെങ്കിൽ ജയിലിനുള്ളിൽ സത്യപ്രതിജ്ഞയ്ക്കുള്ള ക്രമീകരണങ്ങൾ ഒരുക്കാൻ സർക്കാർ സന്നദ്ധമാണെന്ന് അറിയിക്കുകയായിരുന്നു. ജനാധിപത്യത്തിന്റെ ജീവനാഡി തകരുന്ന സാഹചര്യം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, ചടങ്ങിനായി മേയർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും അംഗീകൃത മാധ്യമപ്രവർത്തകർക്കും ജയിൽവളപ്പിൽ പ്രവേശിക്കാൻ പ്രത്യേക അനുമതിയും നൽകിയിരുന്നു.

അതേസമയം, കോടതി അനുമതിയോടെ ജയിലിൽ സത്യപ്രതിജ്ഞ പൂർത്തിയായെങ്കിലും തിരുവനന്തപുരം കോർപ്പറേഷൻ ഭരണത്തിൽ ബി.ജെ.പിക്കുള്ള രാഷ്ട്രീയ പ്രതിസന്ധി കടുക്കുകയാണ്. ജയിലിൽ കഴിയുന്നതിനാൽ സുഗതന് നഗരസഭാ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാൻ സാധിക്കില്ല. ജനപ്രാതിനിധ്യ നിയമപ്രകാരം തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ കൗൺസിലർക്ക് അയോഗ്യത കൽപ്പിക്കപ്പെടും. സുഗതൻ അയോഗ്യനായാൽ ബി.ജെ.പിക്ക് കോർപ്പറേഷൻ ഭരണസമിതിയിലുള്ള കേവല ഭൂരിപക്ഷം നഷ്ടമാകും. നിലവിൽ സുഗതൻ ജയിലിലായ ശേഷം രണ്ട് കൗൺസിൽ യോഗങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ഇനി ഒരു യോഗത്തിൽ കൂടി പങ്കെടുക്കാതിരുന്നാൽ ഇദ്ദേഹം അയോഗ്യനാകും.

ഈ പ്രതിസന്ധി മറികടക്കാൻ സുഗതൻ പുറത്തിറങ്ങുന്നത് വരെ കൗൺസിൽ യോഗങ്ങൾ വിളിച്ചുചേർക്കാതിരിക്കാനാണ് ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി കടുത്ത ഭരണപക്ഷ-പ്രതിപക്ഷ സംഘർഷം നിലനിന്നിരുന്ന കഴിഞ്ഞ കോർപ്പറേഷൻ യോഗത്തിൽ കേവലം ഏഴ് മിനിറ്റുകൊണ്ട് 700 അജണ്ടകളാണ് ഭരണസമിതി പാസാക്കിയത്. സുഗതന്റെ കരുതൽ തടങ്കൽ ശിക്ഷ ആറുമാസമായതിനാൽ, കൗൺസിൽ യോഗങ്ങൾ വിളിക്കാതെ എത്രനാൾ ബി.ജെ.പിക്ക് ഭരണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്നത് ചോദ്യചിഹ്നമാണ്.

അതിനിടെ, കോടതി വിധി മാനിക്കുന്നുവെങ്കിലും മേയർ ഉൾപ്പെടെയുള്ളവർ സത്യപ്രതിജ്ഞയ്ക്കായി ജയിലിലേക്ക് പോയത് ബി.ജെ.പിക്ക് വലിയ നാണക്കേടാണെന്ന് കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ വിമർശിച്ചു. പിൻവാതിലിലൂടെയുള്ള ഈ നടപടി രാഷ്ട്രീയമായി അപമാനകരമാണ്. കൗൺസിൽ യോഗങ്ങൾ എല്ലാ മാസവും ചേരേണ്ടതാണെന്നിരിക്കെ, സുഗതനെ രക്ഷിക്കാൻ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ മാത്രം കൗൺസിൽ കൂടിയാൽ മതിയെന്ന മേയറുടെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്നും ശബരീനാഥൻ ആരോപിച്ചു. എന്നാൽ, കോടതി വിധിയെ പൂർണ്ണമായി ബഹുമാനിക്കുന്നുവെന്നും കൃത്യസമയത്ത് തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്നും മേയർ വി.വി. രാജേഷ് പ്രതികരിച്ചു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ കൗൺസിലർമാരെയും സംരക്ഷിക്കുമെന്നും, നഗരസഭയുടെ ഭരണപരമായ ആവശ്യങ്ങൾക്കായി എല്ലാവരെയും ഒന്നിച്ച് ചേർത്തുനിർത്തി മുന്നോട്ടുപോകുമെന്നും മേയർ വ്യക്തമാക്കി.

 

Related Articles

- Advertisement -spot_img

Latest Articles