കോഴിക്കോട്: ബാലുശ്ശേരിയിൽ നിന്ന് യുവതിയെയും ഏഴുവയസ്സുകാരനായ മകനെയും കാണാതായ സംഭവത്തിൽ അന്വേഷണം ശക്തിപ്പെടുത്തി ബാലുശ്ശേരി പോലീസ്. ബാലുശ്ശേരി സ്വദേശി ഷഹല ഷെറിൻ, മകൻ മുഹമ്മദ് ഐമൻ (7) എന്നിവരെ ഈ മാസം 16 മുതലാണ് കാണാതായത്. സംഭവത്തിൽ ഷഹലയുടെ ഭർത്താവ് ജയ്സൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അടിവാരം സ്വദേശികളായ അഷ്റഫ്-ജസ്ന ദമ്പതികളുടെ മകളാണ് ഷഹല.
വസ്ത്രങ്ങളും ആഭരണങ്ങളും എടുത്ത ശേഷമാണ് യുവതി മകനെയും കൂട്ടി വീടുവിട്ടിറങ്ങിയതെന്ന് ഭർത്താവ് പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇവരെ കണ്ടെത്താനായി സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ കോൾ ലിസ്റ്റുകൾ കേന്ദ്രീകരിച്ച് പോലീസ് പരിശോധന തുടരുകയാണ്. കൂടാതെ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കാണാതായ യുവതിയെക്കുറിച്ചോ കുട്ടിയെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങളോ സൂചനകളോ ലഭിക്കുന്നവർ എത്രയും വേഗം ബാലുശ്ശേരി പോലീസ് സ്റ്റേഷനുമായോ അല്ലെങ്കിൽ 7736331620 എന്ന മൊബൈൽ നമ്പറിലോ ബന്ധപ്പെട്ട് വിവരമറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.



